'വംശീയാതിക്രമത്തിന്റെ അനുഭവ സമ്പത്തുള്ള ആർ.എസ്.എസിന് മാന്യത നല്‍കാനുള്ള സുധാകരന്റെ ശ്രമം അപലപനീയം'
text_fieldsതിരുവനന്തപുരം: വംശീയാതിക്രമത്തിന്റെയും കലാപങ്ങളുടെയും മാത്രം അനുഭവ സമ്പത്തുള്ള ആർ.എസ്.എസിന് നെഹ്റുവിന്റെ പേരുപറഞ്ഞ് മാന്യത നല്‍കാനുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ശ്രമം അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇതിലൂടെ അവരുടെ ഇഷ്ടക്കാരനായി ഫാഷിസ്റ്റ് ചേരിയിലേക്ക് ചേക്കേറാനുള്ള കെ. സുധാകരന്റെ അടവുനയമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനെ പോലും ആർ.എസ്.എസ് അനുകൂലിയാക്കി ചിത്രീകരിച്ചതിലൂടെ സുധാകരന്‍ ആരുടെ കൈയടി വാങ്ങാനാണ് ശ്രമിക്കുന്നത്. പ്രസ്താവന ആവര്‍ത്തിച്ചും ഖേദം പ്രകടിപ്പിച്ചും ഒരേസമയം ഇരുവിഭാഗങ്ങളുടെയും പ്രീതി നേടാനാണ് സുധാകരന്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഇത്തരം സമീപനങ്ങളാണ് രാജ്യവ്യാപകമായി ആർ.എസ്.എസിന് വളരാന്‍ തണലൊരുക്കിയത്. കേരളത്തില്‍ ബി.ജെ.പിക്ക് രാഷ്ട്രീയമായി മുന്നേറാന്‍ കഴിയാത്തത് കേരളീയ പൊതുസമൂഹത്തിന്റെ നിരന്തര ജാഗ്രതയുടെയും ചരിത്രബോധത്തിന്റെയും ഫലമാണ്. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ആർ.എസ്.എസ് പ്രത്യയശാസ്ത്രം നടപ്പാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തന്നെ നിരന്തരം പറയുമ്പോഴും പി.സി.സി അധ്യക്ഷനില്‍നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നതിന്റെ താൽപര്യം മനസ്സിലാക്കാവുന്നതാണ്.
മതന്യൂനപക്ഷങ്ങളെ വെട്ടിനുറുക്കാൻ പരിശീലനം നല്‍കുന്ന ആർ.എസ്.എസ് ശാഖക്ക് കാവല്‍ നിന്നതിന്റെ പേരില്‍ അഭിമാനിക്കുന്ന സുധാകരന്‍ ഏത് പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ട്. സുധാകരന്റെ പരാമർശത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർഥ കോണ്‍ഗ്രസുകാര്‍ക്കുണ്ട്. അവരുമായി മുന്നണി ബന്ധം പുലര്‍ത്തുന്ന മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കണം.
ആർ.എസ്.എസിനെ നിരോധിച്ച നെഹ്റുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ ആർ.എസ്.എസിനോട് സന്ധിചെയ്ത നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആർ.എസ്.എസ് മാത്രമാണ്. മുതിര്‍ന്ന യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരനെ നിലക്കുനിര്‍ത്തണമെന്നും അല്ലെങ്കിൽ കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ഫാഷിസ്റ്റ് അജണ്ടയുടെ വേഗം കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.