സുഗന്ധഗിരി മരംമുറി: കുറ്റാരോപിതര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ക്ക് നിർദേശം നല്‍കിയെന്ന് എ.കെ. ശശീന്ദ്രൻ
text_fieldsസുഗന്ധഗിരി മരംമുറി: കുറ്റാരോപിതര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ക്ക് നിർദേശം നല്‍കിയെന്ന് എ.കെ. ശശീന്ദ്രൻതിരുവനന്തപുരം: വയനാട് സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിയിൽ കുറ്റാരോപിതര്‍ക്കെതിരെ അടിയന്തര ശിക്ഷണ നടപടികള്‍ക്ക് വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നല്‍കിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന നടത്തി യഥാസമയം നടപടികള്‍ സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ച വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസ മേഖലയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിക്കാനിടയായത് സംബന്ധിച്ച അന്വേഷണത്തിനായി വയനാട് മേഖലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വനം വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ വിജിലന്‍സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരടക്കം കുറ്റക്കാരായ 18 വനം ജീവനക്കാര്‍ക്കെതിരെ വനം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.