സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി
text_fieldsകൽപറ്റ: വയനാട്ടിലെ സുഗന്ധഗിരി മരംമുറി സംഭവത്തിൽ ഡി.എഫ്.ഒ ഉൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്ത നടപടി മണിക്കൂറുകൾക്കുള്ളിൽ മരവിപ്പിച്ചു. സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഷജ്ന കരീം, കൽപറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം. സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോസ്റ്റ് ഓഫിസർ (ഗ്രേഡ്) ബീരാൻകുട്ടി എന്നിവരെ സസ്പെൻഡ് ചെയ്ത് വനം മന്ത്രിയുടെ ഓഫിസ് ബുധനാഴ്ച രാത്രി ഇറക്കിയ ഉത്തരവാണ് വ്യാഴാഴ്ച മരവിപ്പിച്ചത്.
വനം വകുപ്പിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് മരവിപ്പിച്ചതെന്നാണ് വിവരം. അതേസമയം, കൽപറ്റ റേഞ്ച് ഓഫിസർ കെ. നീതുവിനെ സസ്പെൻഡ് ചെയ്ത് കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ് പിൻവലിച്ചിട്ടില്ല. മറ്റ് അഞ്ച് ജീവനക്കാരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
സുഗന്ധഗിരി അനധികൃത മരംമുറിയിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വിഷയത്തിൽ ഡി.എഫ്.ഒയുടെ വിശദീകരണം തേടാനും നിർദേശിച്ചിരുന്നു. 1986ൽ വൈത്തിരി സുഗന്ധഗിരി കാർഡമം പ്രോജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയത്.
കോളനിയിലെ വീടുകൾക്ക് ഭീഷണിയായിനിന്ന 20 മരങ്ങൾ മുറിക്കാൻ നൽകിയ അനുമതിയുടെ മറവിൽ അനധികൃതമായി നൂറിലധികം മരങ്ങൾ മുറിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.