കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയയാൾ ചികിത്സ ലഭിക്കാതെ മൂന്നുദിവസം ആശുപത്രിയിൽ
text_fieldsമൂവാറ്റുപുഴ: കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങി ഗുരുതരാവസ്ഥയിൽ എത്തിയ ഇതര സംസ്ഥാനക്കാരന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് ആരോപണം. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ് ആരോഗ്യനില വഷളായതിനാൽ മൂവാറ്റുപുഴയിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ ഇയാളെ എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.എൽ.എയും ആരോഗ്യ മന്ത്രിയുടെ പി.എയും അടക്കം ഇടപെട്ടിട്ടും വേദനകൊണ്ട് പുളഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ ഇയാൾക്ക് മതിയായ ചികിത്സ നൽകാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നാണ് ആരോപണം.
മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം റോഡരികിൽ കരിമ്പ് ജ്യൂസ് കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വജീർ തജ്മൽ ഖാനാണ് (27) ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളുടെ വലതു കൈയുടെ തോൾ മുതൽ താഴത്തേക്കുള്ള ഭാഗം കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കുടുങ്ങിയത്. ജ്യൂസ് ഉണ്ടാക്കുന്നതിനിടെ കാൽ വഴുതിയപ്പോഴാണ് സംഭവം. നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും നാല് ലക്ഷത്തോളം രൂപ െചലവ് വരുമെന്നറിയിച്ചതോടെ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതൊഴിച്ചാൽ ചികിത്സ നൽകാൻ തയാറായില്ല.
സംഭവമറിഞ്ഞ് മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം ആശുപത്രിയുമായി ബന്ധപ്പെട്ടതോടെ രാത്രി തന്നെ ഓപറേഷൻ നടത്താമെന്ന് ഡോക്ടർ അറിയിച്ചു. ശസ്ത്രക്രിയക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങിപ്പിക്കുകയും ചെയ്തു. എന്നാൽ, മൂന്നുദിവസം കഴിഞ്ഞ് ഞായറാഴ്ചയായിട്ടും ശസ്ത്രക്രിയ ചെയ്തില്ല. ഇതിനിടെ, മുറിവേറ്റ ഭാഗത്തുനിന്ന് ദുർഗന്ധം വമിക്കാനും തുടങ്ങി. വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മൂവാറ്റുപുഴയിലെ സന്നദ്ധ സംഘടനയായ ‘മർവ’യുടെ പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ പി.എയെ വിളിച്ച് അറിയിെച്ചങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നാല് ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ ഇയാൾ അവശനായിരുന്നു. സമയത്ത് ചികിത്സ ലഭ്യമാകാതിരുന്നതിനാൽ തുടർചികിത്സ ദുഷ്കരമായി. കൈയുടെ ഞരമ്പുകൾ അടക്കം മുറിഞ്ഞനിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.