ഓണം പഞ്ചസാരയും കൈയിട്ട് വാരുന്നു
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് എല്ലാ കാർഡുടമകൾക്കും അനുവദിച്ച പ്രത്യേക പഞ്ചസാരയിലും ഉദ്യോഗസ്ഥർ കൈയിട്ടുവാരുന്നു. ഇതോടെ ഓണത്തിന് പഞ്ചസാരയുള്ള റേഷൻകടകൾ തിരക്കി നടക്കേണ്ട ഗതികേടിലാണ് കാർഡുടമകൾ.
എല്ല കാർഡുടമകൾക്കും ഓണത്തിന് ഒരു കിലോ പഞ്ചസാര അനുവദിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചത്. ഇതനുസരിച്ച് അതത് താലൂക്ക് സപ്ലൈ ഓഫിസർമാർ റേഷൻകടകളുടെ വിവരം സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. കടകളിലെ കാർെഡണ്ണത്തിന് അനുസരിച്ച് പഞ്ചസാര അനുവദിക്കുകയും ചെയ്തു. പഞ്ചസാരയുടെ തുക കടയുടമ സിവിൽ സൈപ്ലസ് ഗോഡൗണിൽ അടക്കുന്ന മുറക്ക് വാതിൽപടി വിതരണം വഴി മറ്റ് ഭക്ഷ്യധാന്യങ്ങളോടൊപ്പം പഞ്ചസാരയും കടകളിലെത്തും.
എന്നാൽ, സംസ്ഥാനത്ത് ആദ്യമായി പ്രത്യേക പഞ്ചസാര വിതരണം ചെയ്ത തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ മിക്ക കടകളിലും ലഭിച്ച ചാക്കുകളിൽ 100-250 കിലോ കുറവ് ഉണ്ടായതായി വ്യാപാരികൾ ആരോപിക്കുന്നു. 700 കിലോ പഞ്ചസാരക്ക് പണം അടച്ച വ്യാപാരിക്ക് വാതിൽപടി വിതരണം വഴി ലഭിച്ചത് 550 കിലോ മാത്രം. 450 കിലോ പഞ്ചസാര ലഭിക്കേണ്ട വ്യാപാരിക്ക് ലഭിച്ചത് 200 കിലോയും. സിവിൽ സപ്ലൈസ് വകുപ്പിെൻറ ഓൺലൈൻ സൈറ്റും തട്ടിപ്പ് ശരിവെക്കുന്നു. ഗോഡൗണുകളിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തൊഴിലാളികൾ പഞ്ചസാരചാക്കുകൾ കരിഞ്ചന്തയിലേക്ക് കടത്തിയതോടെ അധികം അടച്ച തുക തിരികെ വേണമെന്ന ആവശ്യത്തിലാണ് കടയുടമകൾ.
വാതിൽപടി വിതരണത്തിന് മുമ്പ് ഭക്ഷ്യധാന്യങ്ങൾ ഗോഡൗണിൽ സപ്ലൈകോ ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിൽ വ്യാപാരിക്ക് മുന്നിൽ തൂക്കികൊടുക്കണമെന്നാണ് ചട്ടം. എന്നാൽ, പുതിയ റേഷൻകാർഡുകളുടെ അപേക്ഷ സ്വീകരിക്കലും പരിശോധനയുമായി ബന്ധപ്പെട്ട് ജീവനക്കാർ തിരക്കായതോടെ ഭൂരിഭാഗം ഗോഡൗണുകളിലും കഴിഞ്ഞമാസം മുതൽ ഭക്ഷ്യധാന്യം തൂക്കി നൽകുന്നില്ല. ഇതിെൻറ മറവിലാണ് ജീവനക്കാരുടെ ഒത്താശയോടെ തൊഴിലാളികൾ പഞ്ചസാരചാക്കുകൾ പുറത്തേക്ക് കടത്തുന്നത്. ഇതിനെതിരെ മന്ത്രിക്ക് പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് റേഷൻവ്യാപാരി സംഘടനകൾ ആരോപിക്കുന്നു.
കരിഞ്ചന്തക്ക് നടപടി നേരിട്ട ഉദ്യോഗസ്ഥക്ക് ‘പ്രമോഷൻ’
തിരുവനന്തപുരം: സപ്ലൈകോ ഗോഡൗണിൽ നിന്ന് 44 ലക്ഷം രൂപയുടെ റേഷനരി കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ സ്ഥലംമാറ്റിയ താലൂക്ക് സപ്ലൈ ഓഫിസർക്ക് ഭക്ഷ്യവകുപ്പിെൻറ പ്രമോഷൻ. താലൂക്ക് സപ്ലൈ ഓഫിസറായിരുന്ന ഉദ്യോഗസ്ഥയെ ജില്ല സപ്ലൈ ഓഫിസറുടെ പദവിയിലേക്കാണ് ഉയർത്തിയത്.
അഞ്ചുമാസം മുമ്പാണ് കഴക്കൂട്ടം കിൻഫ്ര പാർക്കിലെ സെൻട്രൽ വെയർഹൗസിങ് കോർപറേഷെൻറ ഗോഡൗണിൽ നിന്ന് പുറത്തേക്കുകടത്താൻ സൂക്ഷിച്ച 1489.30 ക്വിൻറൽ അരി ഭക്ഷ്യമന്ത്രിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. ഡിപ്പോ ചുമതലയുണ്ടായിരുന്ന ജി.എസ്. ജലജറാണിയെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. സിവിൽ സപ്ലൈസ് ഡയറക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, കഴിഞ്ഞദിവസം ഇവരെ തിരുവനന്തപുരം ഡി.എസ്.ഒ ആക്കി ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. ഡി.എസ്.ഒയുടെ ഒഴിവുള്ള തൃശൂരിൽ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ചാണ് ആരോപണവിധേയയായ ഉദ്യോഗസ്ഥയെ ജില്ലയുടെ റേഷൻവിതരണത്തിെൻറ ചുമതലയിൽ ഇരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.