Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയിരങ്ങൾക്ക്​ തണലായി...

ആയിരങ്ങൾക്ക്​ തണലായി കവയിത്രി വിത്തിട്ട അഭയ വൃക്ഷം

text_fields
bookmark_border
ആയിരങ്ങൾക്ക്​ തണലായി കവയിത്രി വിത്തിട്ട അഭയ വൃക്ഷം
cancel

തിരുവനന്തപുരം മാനസികരോഗാശുപത്രിയിലെ അന്തേവാസികളായ സ്​ത്രീകളെ തൊട്ടടുത്ത പൊലീസ്​ ക്യാമ്പിലെ പുരുഷൻമാർ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത കേട്ടാണ്​ സുഗതകുമാരി അവിടം സന്ദർശിക്കാൻ തീരുമാനിച്ചത്​. പ്രത്യേക അനുമതി നേടിയാണ്​ അവർ അവിടം സന്ദർശിക്കുന്നത്​. അവിടെ അവരെ കാത്തിരുന്ന കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. പുറത്തുനിന്ന്​ ആർക്കും പ്രവേശിക്കാനാകാത്ത ആ 'ജയിലുകളിൽ' അന്തേവാസികളുടെ ജീവിതം നരക തുല്യമായിരുന്നു. 500 പേരെ പാർപ്പിക്കാവുന്നിടത്ത് 1500 രോഗികൾ. ചൊറിപിടിച്ച വ്രണപ്പെട്ടു കൈകളുമായി മനുഷ്യ കോലങ്ങൾ. വിശന്ന്​ കരയുന്ന സ്ത്രീകൾക്ക്​ വസ്​ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. പ്രാഥമികാവശ്യങ്ങൾക്കായി സെല്ലിന്റെ ഒരറ്റത്തുണ്ടായിരുന്ന കുഴിയിൽനിന്നുള്ള ദുർഗന്ധമായിരുന്നു അവിടമാകെ. അസഹനീയമായ കാഴ്ചകൾ കണ്ട്​ കരഞ്ഞുകൊണ്ടാണ് സുഗതകുമാരി അവിടെനിന്നു മടങ്ങിയത്.

അന്ന്​ സുഗതകുമാരിയുടെ കണ്ണിൽ നിന്നാഴുകിയ കണ്ണീർ പിന്നീട്​ നിരവധി പേർക്ക്​ ആശ്രയമായ 'അഭയ' ആയി മാറുകയായിരുന്നു. അന്നു വൈകുന്നേരംതന്നെ കെ.വി. സുരേന്ദ്രനാഥ് അധ്യക്ഷനായും സുഗതകുമാരി സെക്രട്ടറിയായും 'അഭയ' രൂപവത്കരിച്ചു.

പിന്നീട്​, കോഴിക്കോട്ടും തൃശൂരുമുള്ള മനോരോഗാശുപത്രികളും സർക്കാറിന്‍റെ അനുമതിയോടെ അഭയ പ്രവർത്തകർ സന്ദർശിച്ചു. അവിടങ്ങളിലെ സ്ഥിതിയും നരക തുല്യമായിരുന്നു. കോഴിക്കോട്ടും തൃശൂരും മനോരോഗാശു​പത്രികൾക്കുവേണ്ടി പിന്നീട് സംഘടനകൾ രൂപവത്കരിക്കപ്പെട്ടു. നിരന്തര ഇടപെടലുകൾക്കൊടുവിൽ സർക്കാർ വിഷയം പഠിക്കാൻ ജസ്റ്റിസ്​ നരേന്ദ്രൻ അധ്യക്ഷനായി കമീഷൻ രൂപവത്​കരിച്ചു.

അതോടെ മനോരോഗാശുപത്രികളിൽ മാറ്റം വന്നു തുടങ്ങി. പുതിയ കെട്ടിടങ്ങളും കുളിമുറികളും ശൗചാലയങ്ങളും കൂടാതെ ടെലിവിഷനും ലൈബ്രറിയും കൃഷിയും തൊഴിൽപരിശീലനവും കലാപരിപാടികൾ അവതരിപ്പിക്കലുമൊക്കെ മനോരോഗാശുപത്രിയുടെ ഭാഗമായി. ആശുപത്രികളുടെ നിരീക്ഷണത്തിനായി ജില്ലാജഡ്ജിയുടെ അധ്യക്ഷതയിൽ മോണിറ്ററിങ് കമ്മിറ്റികളുണ്ടായി. നൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന സന്ദർശന വിലക്ക്​ നീങ്ങി.

ഈ നീക്കങ്ങളുടെ തുടർച്ചയായാണ്​ സുഗതകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്​ മഞ്ചാടി ഗ്രാമത്തിൽ അഗതികൾക്കായി ഒരു കേന്ദ്രത്തിന് തറക്കല്ലിടുന്നത്​. പത്തേക്കറിലധികം വിസ്തൃതിയുള്ള പ്രകൃതിരമണീയമായ ഈ സ്ഥലത്ത് അഭയഗ്രാമത്തിന് 1992-ൽ തറക്കല്ലിട്ടത് ദലൈ ലാമയാണ്. കേന്ദ്രസർക്കാറിന്‍റെ സഹായത്തോടെയാണ് ഈ ഭൂമി വാങ്ങിയത്. 1995-ൽ ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ അഭയഗ്രാമം ഉദ്ഘാടനംചെയ്തു.


പോകാനൊരിടമില്ലാതെ പകച്ചുനിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അവിവാഹിതരായ അമ്മമാരുടെ മക്കൾക്കും മാനസികരോഗം മാറിക്കഴിഞ്ഞാലും സ്വന്തം വീടുകളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളെത്താത്തവർക്കും മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും നീരാളിപ്പിടിത്തത്തിൽനിന്നു രക്ഷപ്പെടാനാഗ്രഹിക്കുന്നവർക്കും ഈ സ്ഥാപനം അക്ഷരാർഥത്തിൽ അഭയകേന്ദ്രമാകുകയായിരുന്നു.

മനോരോഗികളായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി സർക്കാർതലത്തിൽ തിരുവനന്തപുരത്താരംഭിച്ച രണ്ട് ശ്രദ്ധാഭവനങ്ങളിൽ സ്ത്രീകൾക്കായുള്ളത് അഭയ ഏറ്റെടുത്തു. 2010 ജൂൺ മൂന്നുമുതൽ ഈ കേന്ദ്രം അഭയഗ്രാമത്തിൽ പ്രവർത്തിക്കുന്നു. മാനസികരോഗികളായ സ്ത്രീകൾക്കുവേണ്ടി ഈ കേന്ദ്രത്തിൽ പകൽശ്രദ്ധാ സംവിധാനം, ഹ്രസ്വകാലതാമസം, ദീർഘകാലതാമസം, ചികിത്സ എന്നീ സൗകര്യങ്ങൾ നൽകുന്നു. അഭയയിലെ അന്തേവാസികളായ കുട്ടികളെക്കൂടാതെ, സാമ്പത്തിക പ്രയാസമുള്ള മറ്റു കുട്ടികൾക്കും വിദ്യാഭ്യാസത്തിനായി സഹായം നൽകുന്ന വിദ്യാനിധിയും ഓട്ടിസം, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ച കുട്ടികൾക്കും നിത്യരോഗികൾക്കും ചികിത്സാസഹായം നൽകുന്ന സഹായനിധിയും ഇതിന്‍റെ കീഴിൽ പ്രവർത്തിച്ചുവരുന്നു. ഇങ്ങനെ സമൂഹത്തിലെ കഷ്ടപ്പെടുന്നവർക്ക് തണൽനൽകി ആശ്വാസമരുളുന്ന ഒരു വടവൃക്ഷമായി മാറുകയായിരുന്നു സുഗതകുമാരി വിത്തിട്ട അഭയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sugathakumari
News Summary - sugathakumari palnted mercy shelter
Next Story