പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാഹന സൗകര്യം ഉറപ്പുവരുത്താൻ നിർദേശം
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ വിവിധ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാഹനസൗകര്യം ഉറപ്പുവരുത്തണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം. തദ്ദേശ സ്ഥാപനങ്ങൾ ഗതാഗത പ്ലാൻ തയാറാക്കണമെന്നും ഇതിനായി പ്രത്യേക ചുമതലകൾ നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
രോഗികെള പരിശോധന കേന്ദ്രങ്ങളിലും വീടുകളിലുമെത്തിക്കാനും ഗുരുതരാവസ്ഥയിലുള്ളവരെ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകാനും വാക്സിനേഷനായി ആരോഗ്യ പ്രവർത്തകരെയും മറ്റും അതത് കേന്ദ്രങ്ങളിലെത്തിക്കാനും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായം നൽകാനും വാഹനങ്ങൾ അത്യാവശ്യമാണ്.
പഞ്ചായത്തുകളിൽ ഒരു വാഹനം മാത്രമാണുള്ളത്. പഞ്ചായത്തുകളിൽ അഞ്ചും നഗരസഭകളിൽ 10 ഉം കോർപറേഷനുകളിൽ 25 ഉം വാഹനങ്ങളെങ്കിലും ഉറപ്പു വരുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ അടിയന്തര ഉത്തരവിൽ പറയുന്നു.
'108' ആംബുലൻസുകൾ കിട്ടിയില്ലെങ്കിൽ ഡബിൾ ചേംബറുള്ള ടാക്സികളും ആംബുലൻസുകളും ലഭ്യമാക്കാൻ ശ്രമിക്കണം. ഓക്സിജൻ നൽകാൻ സൗകര്യമുള്ള കുറച്ച് വാഹനങ്ങളും സജ്ജമാക്കണം. സർക്കാർ ഫണ്ട് മാത്രം ചെലവഴിച്ച് വാടകക്ക് വാഹനങ്ങൾ എടുക്കേണ്ടതില്ല. വിട്ടുതരാൻ തയാറുള്ളവരുടെയും സ്പോൺസർമാരുടെയും സഹായം തേടണം. ഒന്നിലധികം വാഹനങ്ങളുള്ളവർ വിട്ടുതരാൻ തയാറാണെങ്കിൽ ഏറ്റെടുക്കണം. കോവിഡ് കാലത്ത് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുന്നവരെയും തദ്ദേശ സ്ഥാപനങ്ങൾക്ക് സമീപിക്കാം. സ്വകാര്യ, സഹകരണ സ്ഥാപനങ്ങളുമായും ട്രസ്റ്റുകളുമായും ധാരണയിലെത്താം.
ടാക്സി ഉടമകളുടെയും തൊഴിലാളികളുടെയും സഹകരണം തേടണമെന്നും സർക്കാർ ഉത്തരവിലുണ്ട്. കോവിഡിതര രോഗികളുടെ ആവശ്യത്തിനായും വാഹനങൾ സജ്ജമാക്കാൻ ടാക്സി തൊഴിലാളി യൂനിയനുമായി ബന്ധപ്പെട്ട് ഏർപ്പാടുകൾ ചെയ്യണം മറ്റു രോഗികളുടെ ചികിത്സയും അതിപ്രധാനമാണെന്ന് തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ഓർമിപ്പിക്കുന്നു.
കോവിഡ് ഡ്യൂട്ടിയിലുള്ള വാഹനത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് ഡ്രൈവറും സഹായിയും വേണം. സഹായിയായി സന്നദ്ധ സേനകളിൽനിന്ന് യുവാക്കളുടെ സേവനം തേടാവുന്നതാണ്. ഡ്രൈവറും സഹായിയും കുടുംബത്തോടൊപ്പം ഇടപഴകാത്ത രീതിയിൽ പ്രത്യേക താമസസൗകര്യം ഏർപ്പെടുത്തും .
സ്ത്രീകളായ രോഗികളെ കൊണ്ടു പോകുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വാഹന സൗകര്യവുമായി ബന്ധപ്പെട്ട് മൂന്ന് മൊബൈൽ നമ്പറുകളടക്കമുള്ള കൺട്രോൾ റൂം ഒരുക്കാനും അഞ്ച് മിനിറ്റിനകം വാഹനം ആവശ്യക്കാരുടെ അടുത്തെത്തണമെന്നും നിർദേശിക്കുന്നു. വാടക നൽകാൻ പറ്റുന്നവരാണെങ്കിൽ രോഗമുക്തിക്ക് ശേഷം വാങ്ങി കൃത്യമായി രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.