ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതികൾ, വെള്ളം ചീറ്റി ഫയർഫോഴ്സ് സംഘം; സെക്രട്ടേറിയറ്റിന് മുന്നിൽ നാടകീയ രംഗങ്ങൾ
text_fieldsതിരുവനന്തപുരം: നിലമ്പൂരിൽ പ്രവാസി വ്യവസായിയെ വീട്ടിൽ ബന്ദിയാക്കി മൂന്ന് ലക്ഷവും ലാപ് ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഘം ദേഹത്ത് വെള്ളം ചീറ്റി അപകടം ഒഴിവാക്കിയശേഷം അഞ്ചുപേരെയും കന്‍റോൺമെന്‍റ് പൊലീസിന് കൈമാറി.
കേസിൽ കുടുക്കിയതാണെന്നും തങ്ങളെ കൊലപ്പെടുത്താൻ പരാതിക്കാരനായ പ്രവാസി ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു അഞ്ചംഗസംഘത്തിന്‍റെ ആത്മഹത്യ ശ്രമം. സുൽത്താൻ ബത്തേരി സ്വദേശികളായ സലീം, സക്കീർ, നൗഷാദ്, നിഷാദ്, സൈറസ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി രംഗത്തുവന്നത്.
പെട്രോൾ നിറച്ച പ്ലാസ്റ്റിക്ക് കുപ്പികളുമായി സെക്രട്ടേറിയറ്റ് നടയിൽ എത്തിയ സംഘം ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് ആദ്യം ബഹളംവെച്ചു. കേസിലെ വാദിയായ പ്രവാസിക്ക് കീഴിൽ ജോലി ചെയ്തിരുന്ന വേളയിൽ ഇയാൾക്കുവേണ്ടി നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിരുന്നതായും പ്രവാസി നടത്തിയ കൊലക്കേസുമായി ബന്ധപ്പെട്ട് നിർണായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പറഞ്ഞ് ഒരു പെൻഡ്രൈവും ഇവർ ഉയർത്തിക്കാട്ടി.
പൊലീസും മാധ്യമപ്രവർത്തകരും എത്തിയതോടെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ചു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള ഗതാഗത സംവിധാനം പൊലീസ് തടഞ്ഞു. തുടർന്ന് അഞ്ചുപേരെയും സമാധാനിപ്പിക്കുകയും ഫയർഫോഴ്സിനെ വിളിച്ചുവരുത്തി ദേഹത്ത് വെള്ളം ഒഴിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.