ജപ്തി ഭീഷണി: പെട്രോളുമായി ബാങ്കിലെത്തി ഗൃഹനാഥെൻറ ആത്മഹത്യ ഭീഷണി
text_fieldsകൊടകര(തൃശൂർ) : വായ്പാ കുടിശ്ശിക അടച്ചു തീര്‍ത്തില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന്് ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മധ്യവയസ്കന് കൊടകരയിലെ ജില്ല സഹ.ബാങ്ക് ശാഖയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി. ആളൂരിലെ ഓട്ടോ തൊഴിലാളിയായ കൊപ്രക്കളം സ്വദേശി വാഴോട്ടുകുടി സതീഷ്കുമാറാണ് ചൊവ്വാഴ്ച രാവിലെ 11 ഓടെ കന്നാസിൽ നിറച്ച പെട്രോളുമായി കൊടകര വെള്ളിക്കുളം റോഡിലുള്ള ബാങ്കിലെത്തിയത്.
ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കി ബാങ്കിനുള്ളിലെ ഇരിപ്പിടത്തില്‍ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് കൊടകര പൊലീസും എത്തിയിരുന്നു. 2011ല്‍ ബാങ്കില്‍ നിന്ന് നാലു ലക്ഷത്തോളം രൂപ ഭാര്യയുടെ പേരില്‍ വായ്പയെടുത്തിരുന്നെന്നും ഇപ്പോള്‍ ഭീമമായ തുക കുടിശ്ശികയുള്ളതിനാല്‍ ജപ്തി നടപടി സ്വീകരിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്ന് സതീഷ്കുമാര്‍ പറഞ്ഞു. സാധിക്കുന്ന വിധത്തില്‍ വായ്പ തിരിച്ചടക്കാറുണ്ട്. വിവാഹ പ്രായമെത്തിയ രണ്ടുപെണ്മക്കളാണ് തനിക്കുള്ളത്. പലിശ ഒഴിവാക്കി സാവകാശം തന്നാല്‍ വായ്പ തുക ഗഡുക്കളായി തിരിച്ചടക്കാന്‍ തയാറാണെന്ന് ഇയാള്‍ പറഞ്ഞു. പലിശയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട ഇയാളുടെ അപേക്ഷ ജില്ല ബാങ്ക് അധികൃതര്‍ക്ക് അയച്ചുകൊടുത്ത് അനുകൂല നടപടിക്ക് ശ്രമിക്കാമെന്ന്് ബാങ്കധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് സതീഷ്കുമാര്‍ പിന്മാറിയത്.
പൊലീസ് ഇടപെട്ട് ഭാര്യയെ വിളിച്ചുവരുത്തി ഉച്ചക്ക് ഒന്നരയോടെ ഇയാളെ വീട്ടിലേക്കയച്ചു. വായ്പ തുകയടവിൽ പലിശയടക്കം 71,000 രൂപയുടെ മുടക്കം വന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. വായ്പ തുക 3,92000 രൂപയും അടച്ചു തീര്‍ക്കാനുണ്ട്. സഹകരണ നിയമ പ്രകാരം കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നും അല്ലാത്ത പക്ഷം നിയമാനുസൃത നടപടി സ്വീകരിക്കുമെന്നു മാത്രമെ അറിയിച്ചിട്ടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.