ബില്ല് മാറിനൽകിയില്ല; കൃഷി ഓഫിസർക്ക് മുന്നിൽ കരാറുകാരന്റെ ആത്മഹത്യശ്രമം
text_fieldsെതാടുപുഴ: പൊതുകിണർ നിർമിച്ചതിെൻറ ബില്ല് മാറിനൽകിയില്ലെന്ന് ആരോപിച്ച് പ്രിൻസിപ്പൽ കൃഷി ഒാഫിസറുടെ കാബിനിൽ കരാറുകാരെൻറ ആത്മഹത്യശ്രമം. വെള്ളത്തൂവൽ സ്വദേശി പാനിപ്ര പി.ബി. സുരേഷാണ് പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.
പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഇയാളെ സാഹസികമായി കീഴ്പ്പെടുത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷെൻറ മൂന്നാം നിലയിലെ ഒാഫിസിൽ തിങ്കളാഴ്ച രാവിലെ 10.30ഒാടെയാണ് സംഭവം. ഹോർട്ടികൾചർ മിഷൻ പദ്ധതിയിലൂടെ കമ്യൂണിറ്റി ഇറിഗേഷൻ പ്രോജക്ട് വഴി മറയൂർ പഞ്ചായത്തിലെ കോട്ടക്കുളം, പെരിയപെട്ടി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ സുരേഷ് പൊതുകിണർ നിർമിച്ചിരുന്നു.
ജലസേചനം ഉദ്ദേശിച്ചാണ് നിർമിച്ചത്. ഇതുസംബന്ധിച്ച് കൃഷിവകുപ്പും മറയൂർ പഞ്ചായത്തും തമ്മിലെ കരാറിെൻറ ഉപകരാർ സുരേഷിനായിരുന്നു. ഒരു കിണറിന് 25 ലക്ഷം വീതമാണ് ചെലവ്. പണി പൂർത്തിയാക്കി 2020 മാർച്ച് 20ന് ബില്ല് നൽകിയിട്ടും തുക അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് സുേരഷ് കൃഷി ഓഫിസിലെത്തിയത്. കൃഷി ഓഫിസർ വി.ടി. സുലോചനയുടെ കാബിനിലേക്ക് ഓടിക്കയറിയ ഇയാൾ പെട്രോൾ കലർന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് കത്തിച്ചുപിടിച്ച ലൈറ്ററുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
അര മണിക്കൂറോളം ഇങ്ങനെ നിലയുറപ്പിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും സുരേഷുമായി സംസാരിച്ചെങ്കിലും തീരുമാനമാകാതെ പിന്തിരിയില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സുരേഷിെൻറ ദേഹത്തേക്ക് വെള്ളമൊഴിച്ച് ശ്രദ്ധ തിരിക്കുകയും ഇതിനിടെ, പൊലീസ് ബലമായി കീഴ്പ്പെടുത്തുകയുമായിരുന്നു. എട്ടുമാസമായി ഓഫിസ് കയറിയിറങ്ങി മടുത്തെന്നും കഴിഞ്ഞ ദിവസം ഓഫിസിൽ വിളിച്ചപ്പോൾ 70 ശതമാനം തുക തരാമെന്നാണ് പറഞ്ഞതെന്നും ഇത് കടം വീട്ടാൻപോലും തികയില്ലെന്നും സുരേഷ് പറയുന്നു. അതേസമയം, സംഭവത്തിൽ കൃഷി ഓഫിസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും വിഷയത്തിൽ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാനാവില്ലെന്നും പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.ടി. സുലോചന പറഞ്ഞു. കലക്ടർ ചെയർമാനായ സമിതി പരിശോധിച്ച് 70 ശതമാനം തുക നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് അസി.എൻജിനീയർകൂടി പരിശോധിച്ചശേഷം പണം നൽകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.