ആത്മഹത്യ ചെയ്ത കർഷകൻ മുരളീധരന് കടബാധ്യത എട്ട് ലക്ഷത്തിലധികം
text_fieldsപുതുനഗരം: പെരുവെമ്പിൽ ആത്മഹത്യ ചെയ്ത കർഷകന് എട്ട് ലക്ഷത്തിന്റെ കടബാധ്യതയുണ്ടായിരുന്നതായി ഡയറിക്കുറിപ്പ്. പെരുവെമ്പ് കറുകമണിയിൽ കോവിലകം കളം മുരളീധരനെ (48) ആണ് ബുധനാഴ്ച രാവിലെ വീടിനടുത്ത് കളപ്പുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിലാണ് എട്ട് ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കൾ കണ്ടെത്തിയത്. ഡയറി പുതുനഗരം പൊലീസിന് കൈമാറി. അയൽപക്കത്തെ സ്വകാര്യ വ്യക്തിയുടെ ആധാരം പണയപ്പെടുത്തി മൂന്നു ലക്ഷവും സ്വർണം പണയപ്പെടുത്തി 25,000ൽ അധികം രൂപയും വായ്പയെടുത്തിരുന്നു.
ഈ വ്യക്തിയുടെ വീട്ടിലെ വിവാഹം അടുത്തെത്തിയിട്ടും വായ്പയെടുത്ത തുക തിരിച്ചടച്ച് ആധാരം തിരികെ നൽകാൻ സാധിച്ചിട്ടില്ലെന്ന് പൊലീസിനോട് നാട്ടുകാർ പറഞ്ഞു.കൃഷി ചെയ്യാൻ മാത്രമാണ് ഇദ്ദേഹം വായ്പകൾ വാങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മുരളീധരൻ നേരിട്ട് ബാങ്കിൽനിന്ന് വായ്പയെടുത്തിട്ടുണ്ടോ എന്നത് പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കൃഷി അസി. ഡയറക്ടർ സ്മിത സാമുവൽ
പറഞ്ഞു.ആത്മഹത്യക്കുള്ള കേസ് മാത്രമാണ് എടുത്തിട്ടുള്ളതെന്ന് പുതുനഗരം സർക്കിൾ ഇൻസ്പെക്ടർ ദീപകുമാർ പറഞ്ഞു. മുരളീധരന്റെ ബന്ധുക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോവിലകം പാടശേഖര സമിതി നേതൃത്വത്തിൽ കൃഷി വകുപ്പിന് പരാതി നൽകിയതായി സെക്രട്ടറി കെ.എ. സദാശിവൻ പറഞ്ഞു.
കർഷക ആത്മഹത്യയല്ലെന്ന് കൃഷി വകുപ്പ്
പെരുവെമ്പ്: മുരളീധരന്റെ മരണം കർഷക ആത്മഹത്യയല്ലെന്ന നിഗമനത്തിൽ കൃഷി വകുപ്പ്. കൃഷി ചെയ്ത് നഷ്ടമുണ്ടായത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന വാദം കൃഷി വകുപ്പ് തള്ളുന്നു. ബന്ധുവിന്റെ കൃഷി ഏറ്റടുത്ത് നടത്തുന്നതായി കണ്ടെത്തിയെങ്കിലും കൊയ്ത്തിനുള്ള ചെലവിന് പൈസയില്ലെന്ന കാര്യം പാടശേഖര സമിതിയെ പോലും കൃത്യമായി അറിയിച്ചിട്ടില്ല.
കർഷകൻ ആത്മഹത്യ ചെയ്തതിനാൽ ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ കൃഷി വകുപ്പ് ശ്രമിക്കും. പാടശേഖര സമിതി ഭാരവാഹികൾ കൃഷിയിൽ നഷ്ടമുണ്ടായ കാര്യങ്ങൾ കൃഷിഭവനെ അറിയിച്ചിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ കൃഷി വകുപ്പ് നടത്തുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, കൃഷിചെയ്ത് ജീവിച്ചുവന്ന കർഷക കുടുംബത്തിലെ മുരളീധരന്റെ ആത്മഹത്യക്ക് കാരണം നെൽകൃഷിയിലുണ്ടായ നഷ്ടമാണെന്ന് പ്രദേശത്തെ നെൽകർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.