എ.പി.പിയുടെ ആത്മഹത്യ: പ്രതിഷേധം വ്യാപകം; ഡി.ജി.പി അന്വേഷിക്കും
text_fieldsകൊല്ലം: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) അന്വേഷണത്തിന് ഉത്തരവിട്ടു. െഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ഷീബയാണ് അന്വേഷിക്കുക. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മേലുദ്യോഗസ്ഥരുടെ മാനസികപീഡനം എന്നാണ് ആത്മഹത്യാക്കുറിപ്പിലും ശബ്ദരേഖയിലും അനീഷ്യ വ്യക്താമാക്കുന്നത്.
കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് നേരേത്ത അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജങ്ഷൻ പ്രശാന്തിയിൽ എസ്. അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര ജില്ല ജഡ്ജി കെ.എൻ. അജിത് കുമാറിന്റെ ഭാര്യയാണ് അനീഷ്യ.
ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന അനീഷ്യയുടെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തായതോടെയാണ് പ്രശ്നം ശ്രദ്ധേയമായത്. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളായിരുന്നു ശബ്ദരേഖയിലെ ഉള്ളടക്കത്തിൽ അധികവും. കേസുകളിൽനിന്ന് വിട്ടുനിൽക്കാനായി അവധിയെടുക്കാൻ സഹപ്രവർത്തകരിൽനിന്ന് സമ്മർദമുണ്ടായതടക്കം ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ജോലിക്കാര്യത്തിൽ എതിർകക്ഷികൾക്കുവേണ്ടി തോറ്റുകൊടുക്കുന്നതടക്കമുള്ള അഴിമതികളിൽ സഹകരിക്കാത്തതാണ് പീഡനകാരണമെന്ന് സഹോദരൻ അനൂപ് മാധ്യമത്തോട് പറഞ്ഞു.
ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിക്കുകയും അപമാനിക്കുകയും ചെയ്തതാണ് അവസാന സംഭവമെന്നും അനൂപ് ചൂണ്ടിക്കാട്ടുന്നു. മാനസികസമ്മർദങ്ങളെയും ജോലിയിലെ വിവേചനങ്ങളും സംബന്ധിച്ച്, ആത്മഹത്യക്കുമുമ്പ് അനീഷ്യ പരവൂർ മുനിസിപ്പൽ മജിസ്ട്രേറ്റിന് വാട്സ്ആപ്പിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ അനീഷ്യയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ ജില്ല കലക്ടറെ ഉപരോധിച്ചു. കേസ് അട്ടിമറിക്കരുതെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അന്വേഷണം ഡി.ജി.പി നേരിട്ടോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്ന് കൊല്ലത്തെ അഭിഭാഷകസംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും
കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു.
പ്രതിഷേധമായി ബുധനാഴ്ച കോടതികൾ ബഹിഷ്കരിക്കും. ആരോപണവിധേയരായ അസി. പബ്ലിക് പ്രോസിക്യൂട്ടറെയും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെയും ബഹിഷ്കരിക്കാൻ അഭിഭാഷകർ തീരുമാനിച്ചു. ആരോപണവിധേയർക്കെതിരെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.