ആത്മഹത്യ വർധിക്കുന്നു; മുഖ്യകാരണം കുടുംബ പ്രശ്നം
text_fieldsകോഴിക്കോട്: കേരളത്തിൽ ആത്മഹത്യ നിരക്ക് ആശങ്കജനകമായി വർധിക്കുന്നു. മുൻകാല കണക്കുകളും അനുമാനങ്ങളും തെറ്റിച്ച് ആത്മഹത്യ ചെയ്യുന്നവരിൽ 79 ശതമാനവും പുരുഷന്മാരാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം 2022ൽ 10,160 പേർ ആത്മഹത്യ ചെയ്തതിൽ 8031ഉം പുരുഷന്മാരാണ്. സ്ത്രീകൾ 2129 ആണ്. കേരള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ ആസ്പദമാക്കി തണൽ ഫൗണ്ടേഷനാണ് പഠനം നടത്തിയത്.
2012നെ അപേക്ഷിച്ച് 2022ൽ ആത്മഹത്യ നിരക്ക് 19.7 ശതമാനം വർധിച്ചു. കഴിഞ്ഞവർഷം സംസ്ഥാനത്ത് ലക്ഷത്തിൽ 28.81 പേർ ആത്മഹത്യ ചെയ്തതായാണ് കണക്ക്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ജില്ല അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ സ്വയം ജീവനെടുത്തത്. 2020ൽ 1260, 2021ൽ 1416, 2022ൽ 1488. തൊട്ടുപിന്നിൽ കൊല്ലം ജില്ല- മൂന്നു വർഷങ്ങളിൽ യഥാക്രമം 999, 1068, 1111. 2022ൽ തൃശൂരാണ് മൂന്നാം സ്ഥാനത്ത്, 1008 പേർ. കാസർകോടും വയനാടും പത്തനംതിട്ടയുമാണ് ഏറ്റവും പിന്നിൽ. 2022ൽ യഥാക്രമം 307ഉം 342ഉം 386ഉം. ജനസംഖ്യ അനുപാതത്തിലുള്ള ആത്മഹത്യ നിരക്ക് പരിശോധിക്കുമ്പോഴും തിരുവനന്തപുരവും കൊല്ലവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഒരു ലക്ഷം ജനസംഖ്യ എടുക്കുമ്പോൾ തിരുവനന്തപുരത്ത് 44.07 ആണ് ആത്മഹത്യ നിരക്ക്. കൊല്ലം 41.28. മൂന്നാം സ്ഥാനത്തുള്ള വയനാട്ടിൽ 39.78 ആണ് നിരക്ക്. മലപ്പുറമാണ് ഏറ്റവും പിന്നിൽ, 11.73. തൊട്ടുമുകളിൽ കാസർകോട്, 21.46. കോഴിക്കോട്ട് 21.98.
ആത്മഹത്യ ചെയ്തവരിൽ കൂടുതൽ പേരും 46നും 59നും ഇടയിൽ പ്രായമുള്ളവരാണെന്നും പഠനം വ്യക്തമാക്കുന്നു -28.9 ശതമാനം പേർ. 27.7 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 15.5 ശതമാനം പേർ 15നും 29നും ഇടയിൽ പ്രായമുള്ളവരാണെന്നതും ആശങ്കക്കിടയാക്കുന്നു. 17.1 ശതമാനം പേർ ജീവനൊടുക്കിയത് മാനസിക പ്രശ്നങ്ങൾ കാരണവും 14.2 മരണങ്ങൾ ശാരീരിക പ്രശ്നങ്ങൾ കാരണവുമാണ്. തൊഴിലില്ലായ്മ കാരണം 1.2 ശതമാനം പേരും ആത്മഹത്യ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.