കുട്ടികളിലെ ആത്മഹത്യ വർധിക്കുന്നു; വില്ലൻ കുടുംബപ്രശ്നങ്ങൾ
text_fieldsതിരുവനന്തപുരം: കുട്ടികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡ് കാലത്ത് കുട്ടികളുടെ ആത്മഹത്യയിൽ സാരമായ വർധനയുണ്ടായതായി പൊലീസിന്‍റെ പഠന റിപ്പോർട്ട് പറയുന്നു. മാനസിക സമ്മർദം കൂടുതലാകുന്നെന്നും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യക്കു പ്രധാനകാരണമെന്നുമാണ് വിലയിരുത്തൽ.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൗൺസലിങ്ങ് സംവിധാനം ഉൾപ്പെടെ ശക്തിപ്പെടുത്തുമെന്നാണ് വിവരം. ഓൺലൈൻ സംവിധാനത്തിലേക്ക് പഠനം മാറിയപ്പോൾ കുട്ടികളിൽ മാനസിക സമ്മർദം വർധിച്ചെന്നാണ് വിലയിരുത്തൽ. ഈ കാലഘട്ടത്തിൽ കുട്ടികൾ ലൈംഗിക പീഡനത്തിന് വിധേയമാകുന്നതിലും വലിയ വർധനയുണ്ടായി. മൂന്നു വർഷത്തെ കണക്ക് പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് തയാറാക്കിയത്.
2019ൽ 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളുമടക്കം 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2020ൽ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തതിൽ 169 പേർ പെണ്‍കുട്ടികളാണ്. '21 ൽ അത് 345 ആയി. 168 ആണ്‍കുട്ടികളും 177 പെണ്‍കുട്ടികളും. പുറത്തേക്കു പോകാനാവാതെ വന്നപ്പോഴുണ്ടായ മാനസിക പ്രശ്നങ്ങള്‍, വീട്ടുകാരുമായുള്ള തർക്കം എന്നിവയെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാരണമായിട്ടുണ്ട്.
പരീക്ഷ തോൽവി , ഓണ്‍ലൈൻ ഗെയിം, പ്രണയ നൈരാശ്യം എന്നിവയെല്ലാം ആത്മഹത്യക്ക് കാണമായിട്ടുണ്ടെങ്കിലും ചെറിയ ശതമാനം മാത്രമാണ്. കുടുംബപ്രശ്നങ്ങൾ തന്നെയാണ് പ്രധാന കാരണമായത്. മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് കുട്ടി ആത്മഹത്യ കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.