മുതിർന്ന പൗരന്മാരിൽ ആത്മഹത്യ പ്രവണത കൂടുന്നു
text_fieldsകോഴിക്കോട്: മുതിർന്ന പൗരന്മാരിൽ ആത്മഹത്യ പ്രവണത കൂടുന്നതായി റിപ്പോർട്ട്. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിലാണ് ആശങ്കജനകമായ വിവരങ്ങളുള്ളത്. കോഴിക്കോട് നഗരത്തിൽ 2022ൽ 60 വയസ്സ് കഴിഞ്ഞ 47 പേർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു. മരിച്ചവരിൽ ഏറെയും 60-65 വയസ്സിനിടയിൽ ഉള്ളവരാണ്. സ്ത്രീകളേക്കാൾ പുരുഷന്മാരാണ് ആത്മഹത്യ പ്രവണത കൂടുതൽ പ്രകടിപ്പിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2022ലെ ജൂൺ അവസാനം വരെയുള്ള കണക്കനുസരിച്ച് 60 വയസ്സ് കഴിഞ്ഞ 16 സ്ത്രീകൾ ആത്മഹത്യ ചെയ്തു. പക്ഷേ, ജീവനൊടുക്കിയ പുരുഷന്മാരുടെ എണ്ണം 31 ആണ്. അതായത് സ്ത്രീകളേക്കാൾ ഇരട്ടിയോളം പുരുഷന്മാരാണ് ആത്മഹത്യ ചെയ്തത്. 2021ൽ 25 സ്ത്രീകളും 49 പുരുഷന്മാരും ആത്മഹത്യ ചെയ്തു. 2020ൽ 20 സ്ത്രീകളും 49 പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്.
വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നത് പ്രായം കൂടിയവരിലെ ആത്മഹത്യ പ്രവണതക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അസുഖങ്ങൾ, മക്കളില്ലാത്തതിന്റെ നിരാശ, മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസം, പ്രിയപ്പെട്ടവരുടെ മരണം, കുടുംബപ്രശ്നം എന്നിവയും കാരണങ്ങളാണ്. വിഷാദരോഗം, ഡിമെൻഷ്യ, സൈക്കോസിസ് തുടങ്ങിയ മാനസിക രോഗങ്ങളാണ് മറ്റൊരു കാരണമായി പറയുന്നത്. എൻഡോജീനസ് ഡിപ്രഷൻ എന്ന അവസ്ഥ പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. ശാരീരിക ക്ഷമതയില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ, അർബുദം, ആർത്രെറ്റിസ് തുടങ്ങിയ രോഗങ്ങളും അവ ഭേദമാകില്ലെന്ന ചിന്തയും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.