'വെള്ളം വേണം'; വൈദ്യുതി കട്ട് ചെയ്യാൻ ആളെത്തിയപ്പോൾ കേട്ടത് അകത്തുനിന്ന് ഞരക്കം, നാട്ടുകാരെ വിളിച്ച് വാതിൽ ചവിട്ടിത്തുറന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ച
text_fieldsരഞ്ജിത്ത്
കൊല്ലം: ആയൂരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കിയ സംഭവം കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യ. തങ്ങൾ രണ്ടുപേരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നാണ് കൊല്ലം ആയൂരിൽ ജീവനൊടുക്കിയ രഞ്ജിത്തിന്‍റെ അമ്മ സുജാത മൊഴിനൽകിയത്. ഗുരുതരാവസ്ഥയിലായ സുജാത തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആയൂർ ഇളമാട് വടക്കേവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (35) ആണ് അമ്മ സുജാതയെ (56) കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയുണ്ടായ സംഭവം ഇന്നാണ് പുറത്തറിഞ്ഞത്. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നതിനാൽ ഇരുവരും ആത്മഹത്യ ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുജാത നൽകിയ മൊഴിയിൽ പറയുന്നത്. സുജാത ഉപയോഗിച്ചിരുന്ന ഷുഗറിൻ്റെ ഗുളികകൾ ഇരുവരും കൂടുതൽ കഴിച്ചു. താൻ പറഞ്ഞതനുസരിച്ച് മകൻ ഷാൾ കൊണ്ട് കുത്തിൽ മുറുക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. അമ്മക്ക് ചലനമില്ലാതായതോടെ മരിച്ചെന്നു കരുതി രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നുവത്രേ.
കറണ്ട് ചാർജ് അടക്കാത്തതിനെത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനായി കെ.എസ്.ഇ.ബി ജീവനക്കാരൻ ഇന്ന് വീട്ടിലെത്തി വിളിച്ചപ്പോൾ അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ നിന്നും "വെള്ളം വേണം" എന്നുള്ള ശബ്ദം കേൾക്കുകയായിരുന്നു. ഇതോടെ ജീവനക്കാരൻ അയൽക്കാരെ വിവരം അറിയിച്ചു. പരിസരവാസികളെത്തി കതക് തള്ളിത്തുറന്നതോടെയാണ് സുജാതയെ അബോധാവസ്ഥയിലും രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയിലും കണ്ടത്.
ചടയമംഗലം പൊലീസെത്തി മേൽനടപടികളെടുത്ത ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. പരേതനായ സത്യനാണ് സുജാതയുടെ ഭർത്താവ്. രഞ്ജിത്ത് അവിവാഹിതനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.