ബലാത്സംഗ ആരോപണം കുടുംബം തകർക്കാനുള്ള ശ്രമമെന്ന് സുജിത് ദാസ്; ‘നിയമപരമായി നേരിടും’
text_fieldsതിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണം തന്‍റെ കുടുംബം പോലും തകർക്കാനുള്ള ശ്രമമാണെന്നും അതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും മലപ്പുറം മുൻ എസ്‍.പി സുജിത് ദാസ്. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ചതിനെതിരെ കേസ് നല്‍കും. 2022ൽ തന്‍റെ എസ്‍പി ഓഫിസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു പരാതി പറഞ്ഞ സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന സുജിത് ദാസ് ആരോപിച്ചു.
‘നേരത്തെ ഈ സ്ത്രീ ഒരു എസ്‍.എച്ച്.ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയിരുന്നു. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകും. ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിത്’ - സുജിത് ദാസ് പറഞ്ഞു.
സ്വത്ത് തർക്കം സംബന്ധമായ പരാതിയുമായി പോയപേപാൾ മലപ്പുറം മുൻ എസ്‍.പി സുജിത് ദാസും പൊന്നാനി മുൻ എസ്.എച്ച്.ഒ വിനോദും തന്നെ ബലാത്സംഗം ചെയ്തുവെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി തന്നെ ഉപദ്രവിച്ചുവെന്നുമാണ് വീട്ടമ്മ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത്. എന്നാൽ, ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാൻ ഡി.ജി.പിക്കും പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.