താനൂർ കസ്റ്റഡി മരണം: സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യംചെയ്തു
text_fieldsതിരുവനന്തപുരം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുൻ എസ്.പി സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യംചെയ്തു. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. പി.വി. അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണത്തിന്റ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനാണ് താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മർദനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളും സിവിൽ പൊലിസ് ഓഫിസർമാരുമായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരായ പരാതി പിൻവലിച്ചാൽ എന്നും പി.വി. അൻവറിന് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺ സംഭാഷണം സേനക്ക് നാണക്കേടായിരുന്നു.
അൻവറിന് വധഭീഷണി: പരാതി നൽകി
തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ കുടുംബത്തിന് നേരെ വധഭീഷണി. ഊമക്കത്ത് വഴിയാണ് കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിക്കത്തും പരാതിയും സംസ്ഥാന പൊലീസ് മേധാവിക്ക് അൻവർ കൈമാറി. പരാതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേശിന് ഡി.ജി.പി കൈമാറി. പരാതിയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.