സുജിത വധക്കേസ്: തെളിവെടുപ്പിനൊരുങ്ങി പൊലീസ്
text_fieldsതുവ്വൂർ (മലപ്പുറം): സുജിത വധക്കേസ് പ്രതികളുടെ തെളിവെടുപ്പ് വെള്ളിയാഴ്ച നടന്നേക്കുമെന്ന് സൂചന. ചൊവ്വാഴ്ച രാത്രിയോടെ മഞ്ചേരി കോടതിയിൽ ഹാജറാക്കിയ നാലുപ്രതികളെയും റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം.
കസ്റ്റഡി അനുവദിച്ചാൽ വെള്ളിയാഴ്ചയും അല്ലെങ്കിൽ അടുത്ത ദിവസങ്ങളിലുമായിരിക്കും തെളിവെടുപ്പ്. പ്രതികളായ വിഷ്ണുവിന്റെയും സഹോദരങ്ങളുടെയും വീട്, ജഡം കുഴിച്ചിട്ട സ്ഥലം, ആഭരണങ്ങൾ വിൽപന നടത്തിയ ജ്വല്ലറികൾ തുടങ്ങിയ ഇടങ്ങളിൽ പ്രതികളെ കൊണ്ടുവരേണ്ടതുണ്ട്. പ്രതികൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നതിനാൽ സുരക്ഷക്ക് വൻ പൊലീസ് സേനതന്നെ വേണ്ടിവരും. പ്രതികൾ നാലുപേരുള്ളതും തലവേദനയുണ്ടാക്കും.
കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ കരുവാരകുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അറസ്റ്റിലായ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽനിന്ന് തിങ്കളാഴ്ചയാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്.
യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് വിഷ്ണു. വിഷ്ണുവിന്റെ അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരാണ് അറസ്റ്റിലായത്. വീട്ടിൽ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്ന് വിഷ്ണു മൊഴിനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.