ട്രാവൽ വ്ലോഗിൽ കണ്ട വേഷപ്രച്ഛന്നനായ വ്യക്തി സുകുമാരക്കുറുപ്പെന്ന് സംശയം; ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്
text_fieldsപത്തനംതിട്ട: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് വീണ്ടും ഇറങ്ങുന്നു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയായ റെൻസിം ഇസ്മായിലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.
ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കാഷായവേഷവും നരച്ചതാടിയുമുള്ള രുദ്രാക്ഷമാല അണിഞ്ഞ് അടുത്തിടെ ട്രാവൽ വ്ലോഗിൽ കണ്ട വേഷപ്രച്ഛന്നനായ വ്യക്തി സുകുമാരക്കുറുപ്പെന്ന് ഉറപ്പിക്കുകയാണ് ബിവറേജസ് ഷോപ് പത്തനംതിട്ട മാനേജറായ റെൻസിം. ജനുവരിയിൽ മുഖ്യമന്ത്രിക്കടക്കം വിവരങ്ങൾ കൈമാറി ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ക്രൈംബാഞ്ച് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം റെൻസിയുടെ വിശദമൊഴി രേഖപ്പെടുത്തി. 2007ൽ ഇരുവരും നേരിൽക്കണ്ട ഗുജറാത്തിലെ ഈഡർ പ്രദേശം, ട്രാവൽവ്ലോഗ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. റെൻസി ഈഡറിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് അവിടെ ആശ്രമ അന്തേവാസിയായിരുന്ന ശങ്കരഗിരി എന്ന സ്വാമിയെ പരിചയപ്പെടുന്നത്.
ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, അറബി, മലയാളം ഭാഷകളും സ്വാമിക്ക് അറിയാം. കാവിമുണ്ടും ജുബ്ബയും നീട്ടിവളർത്തിയ താടിയുമാണ് വേഷം. പിന്നീട് പത്രങ്ങളിലും ചാനലുകളിലും സുകുമാരക്കുറുപ്പിന്റേതായി ചിത്രങ്ങൾ കണ്ടതോടെ മുമ്പ് കണ്ടത് കുറുപ്പിനെയായിരുന്നുവെന്ന സംശയം ഉടലെടുത്തു. അന്നുതന്നെ വിവരങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് റെൻസിം പറയുന്നു. ട്രാവൽ വ്ലോഗ് ദൃശ്യങ്ങൾ സുകുമാരക്കുറുപ്പിനെ അടുത്തറിയാവുന്ന പലരെയും കാണിച്ചതായി റെൻസിം പറയുന്നു.
അവരിൽ പലരും ഇത് സുകുമാരക്കുറുപ്പാണെന്ന് സംശയം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ആശ്രമ മഠാധിപതിയും മലയാളിയാണെന്ന സംശയം പറഞ്ഞിരുന്നു. 1984ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണ കമ്പനി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിപ്പോൾ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂനിറ്റാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.