എന്‍.എസ്.എസ് പറഞ്ഞാല്‍ നായന്മാര് കേള്‍ക്കുമോയെന്ന് കാണിക്കാം; സർക്കാരിനെതിരെ ജി. സുകുമാരന്‍ നായർ
text_fieldsചങ്ങനാശ്ശേരി: എന്‍.എസ്.എസ് പറഞ്ഞാല്‍ നായന്മാര് കേള്‍ക്കുമോയെന്ന് കാണിച്ചുകൊടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ഭരണത്തിലുള്ളവര്‍ ശ്രമിക്കുകയാണ്. ഇവര്‍ ജനിക്കുന്നതിനു മുമ്പു നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് എന്‍.എസ്.എസ്. നവോത്ഥാനം കേരളത്തില്‍ നടന്നിട്ടുണ്ടെങ്കില്‍ എന്‍.എസ്.എസ് മുന്‍കൈയെടുത്താണ്.
കമ്യൂണിസ്റ്റുകാര്‍ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പദ്മനാഭെൻറ ഛായാചിത്രം വെക്കുന്ന കാഴ്ചയാണ് കാണുന്നത്. എസ്.എന്‍.ഡി.പിയോട് ബഹുമാനമാണ്. എസ്.എന്‍.ഡി.പി എന്‍.എസ്.എസിനെക്കാളും പഴക്കംചെന്ന പ്രസ്ഥാനമാണ്. ഇപ്പോള്‍ അവരെ നയിക്കുന്നവരുടെ നയമാണ് പ്രശ്നം. ചങ്ങനാശ്ശേരി എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുകുമാരന്‍ നായർ.
ശബരിമല കോടതിവിധി എല്ലാവരും സ്വാഗതം ചെയ്തപ്പോള്‍ എന്‍.എസ്.എസ് നിലപാടില്‍ ഉറച്ചുനിന്നു. വിധിയെ സ്വാഗതം ചെയ്തവര്‍ക്ക് പിന്നീട് വോട്ടുബാങ്ക് നോക്കി എന്‍.എസ്.എസ് നിലപാടിലേക്ക് മടങ്ങിവരേണ്ടി വന്നു. ശബരിമലയിലെ യുവതി പ്രവേശനവും നവോത്ഥാനവുമായി ഒരു ബന്ധവുമില്ല. ശബരിമല വിധി ഇടതു സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ഇത് ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കാനും ക്ഷേത്രങ്ങള്‍ നശിപ്പിക്കാനുമാണ്. ശബരിമല വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും എന്‍.എസ്.എസിന് ഒരു നിലപാടേയുള്ളു. ആ നിലപാടുകള്‍ ലോകം അംഗീകരിച്ചു.
അര്‍ഹതപ്പെടാത്ത ഒന്നും സ്വീകരിച്ചിട്ടില്ല. വലിയൊരു ജനവിഭാഗത്തിന് ആരുടെയും കാലുപിടിക്കാനോ കൈനീട്ടാനോ പ്രക്ഷോഭത്തിനോ പോകാതെ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കഴിഞ്ഞത് ബുദ്ധിയും യുക്തിയും കൊണ്ടാണ്. ആറിലെ കോടതി വിസ്താരം നടക്കുന്ന ദിവസം ഹൈന്ദവവിശ്വാസികൾ അടുത്തുള്ള ക്ഷേത്രങ്ങളില്‍ യഥാശക്തി വഴിപാട് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.