സുകുമാരൻ നായർ കൽപിച്ചു, സമുദായം ഇച്ഛിച്ചില്ല
text_fieldsകൊല്ലം: സമുദായം ഇച്ഛിക്കാത്തതിനാൽ ഭരണമാറ്റമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കൽപന സ്വപ്നമായി മാറി. എൻ.എസ്.എസിനോട് കളിച്ചാൽ പാഠം പഠിപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണികളും വിലപ്പോയില്ലെന്നാണ് എൽ.ഡി.എഫിെൻറ തൂത്തുവാരൽ വ്യക്തമാക്കുന്നത്.
പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് അകൽച്ച നടിച്ച്, സമദൂരവും ശരിദൂരവുമൊക്കെയായി നിന്നിരുന്ന എൻ.എസ്.എസ് അടുത്തിടെയാണ് നിലപാട് മാറ്റിയത്. എന്നാൽ, അതിന് രണ്ടു വർഷത്തിനുള്ളിൽ തിരച്ചടിയേറ്റത് മൂന്നു തവണ.
മൂന്നാം തവണ തകർന്നത് സുകുമാരൻ നായരുടെ സ്വപ്നം മാത്രമല്ല, യു.ഡി.എഫിെൻറ തിരിച്ചുവരവുകൂടിയായിരുന്നു. യു.ഡി.എഫ് കാലത്തെ അഞ്ചാം മന്ത്രി വിവാദം മുതലാണ് സുകുമാരൻ നായർ രാഷ്ട്രീയത്തിലെ കിങ്മേക്കറാകാനുള്ള ശ്രമം സജീവമാക്കിയത്.
വിശ്വാസത്തെ ചാരി, ഭരണമാറ്റമെന്ന് പറയാതെ പറഞ്ഞിരുന്ന സുകുമാരൻ നായർ തെരഞ്ഞെടുപ്പ് ദിവസം ശബരിമല ഓർമപ്പെടുത്തിയും ഭരണമാറ്റം വേണമെന്ന് പച്ചക്കുപറഞ്ഞും രംഗത്തെത്തുകയായിരുന്നു. എന്നാൽ, ആ ആഹ്വാനം 'വിശ്വാസി'കളായ പൊതുജനം പോയിട്ട്, സ്വന്തം സമുദായാംഗങ്ങൾ പോലും മുഖവിലക്കെടുത്തില്ല. എൻ.എസ്.എസിന് സ്വാധീനമുണ്ടെന്ന് പറയുന്ന മണ്ഡലങ്ങളിൽ ജയിച്ചത് എൽ.ഡി.എഫ്. അവർ ഇറങ്ങിക്കളിച്ച തെക്കൻ ജില്ലകളിൽ കോൺഗ്രസ് തോറ്റമ്പി. തിരുവനന്തപുരത്ത് എൻ.എസ്.എസിന് വലിയ റോളൊന്നുമില്ലാത്ത കോവളം മാത്രം യു.ഡി.എഫിന്.
കൊല്ലത്ത് രണ്ടിടത്ത് കോൺഗ്രസ് ജയിച്ചതിെൻറ മേന്മയും അവകാശപ്പെടാനില്ല. ശബരിമല വരുന്ന പത്തനംതിട്ട ജില്ലയിലാകെട്ട, അഞ്ച് സീറ്റും എൽ.ഡി.എഫിന്. എൻ.എസ്.എസ് ആസ്ഥാനം നിൽക്കുന്ന ചങ്ങനാശ്ശേരിയിൽ 40 വർഷത്തിനുശേഷം എൽ.ഡി.എഫ് ജയിച്ചു.
ശബരിമല വിവാദ കാലത്ത് ലോക്സഭയിൽ യു.ഡി.എഫ് തരംഗമുണ്ടായപ്പോൾ അത് എൻ.എസ്.എസിെൻറ വരവിൽ കൂട്ടി. എന്നാൽ, പിന്നാലെ വന്ന ഉപതെരഞ്ഞെടുപ്പിൽ അവർ കളിച്ചിട്ടും കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ നേടിയത് എൽ.ഡി.എഫ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണമെന്നു പറഞ്ഞ് വന്നപ്പോഴും നേട്ടം എൽ.ഡി.എഫിനുതന്നെ. നിയമസഭ വോെട്ടടുപ്പ് ദിവസവും വിശ്വാസവും ഭരണമാറ്റവുമൊക്കെയായി രംഗത്തെത്തിയെങ്കിലും അതും ഫലിച്ചില്ല.സാധാരണ എൻ.എസ്.എസ് വിമർശനമുയർത്തുേമ്പാൾ ആരും കോർക്കാൻ നിൽക്കാറില്ല.
എന്നാൽ, ഇത്തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അതിനെ ചോദ്യംചെയ്തു. തിങ്കളാഴ്ച, മന്ത്രി എ.കെ. ബാലനും മുഖ്യമന്ത്രി പിണറായി വിജയനും വിമർശനമുയർത്തി രംഗത്തെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.