സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിൽ എൻ.എസ്.എസിന് അഭിമാനമുണ്ടെന്ന് സുകുമാരൻ നായർ
text_fieldsകോട്ടയം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിൽ എൻ.എസ്.എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന ചോദ്യത്തിന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ ‘സമദൂരം’ എന്ന നിലപാട് തന്നെയാണ് എൻ.എസ്.എസ് സ്വീകരിച്ചതെന്നായിരുന്നു സുകുമാരൻ നായർ മുൻപ് പറഞ്ഞത്. എൻ.എസ്.എസിെൻറ ഭാഗമായവർക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും പ്രഖ്യാപിച്ചിരുന്നു.
2015ൽ സുരേഷ് ഗോപിയെ എൻ.എസ്.എസ് ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ടത് വലിയ വാർത്തയായിരുന്നു. പെരുന്നയിലെ ആസ്ഥാനത്ത് ബജറ്റ് അവതരണ ഹാളിലേക്ക് പ്രവേശിച്ച സുരേഷ് ഗോപിയോട് എന്തിനാണ് നിങ്ങൾ ഇവിടേക്ക് വന്നതെന്നും ഇതൊന്നും എനിക്കിഷ്ടമല്ലെന്നും പറഞ്ഞ് സുകുമാരൻ നായർ ഇറക്കിവിട്ടിരുന്നു.
എന്നാൽ, പിന്നീട് 2019ൽ വീണ്ടും എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ഈ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപും സുരേഷ് ഗോപി സുകുമാരൻ നായരെ കണ്ടിരുന്നു.
ബജറ്റ് അവതരണ ഹാളിലേക്ക് അനുവാദം കൂടാതെ കയറിയത് കൊണ്ടാണ് അന്ന് സുരേഷ് ഗോപിയെ എൻ.എസ്.എസ് ആസ്ഥാനത്ത് നിന്നും ഇറക്കി വിട്ടതെന്നും സുകുമാരൻ നായർ അടുത്തിടെ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.