എന്‍.എസ്.എസിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല –സുകുമാരന്‍ നായര്‍
text_fieldsചങ്ങനാശ്ശേരി: എന്‍.എസ്.എസിനെ കീഴ്പ്പെടുത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിക്കേണ്ടെന്നും സൗഹൃദമായി ഏതു പാര്‍ട്ടിക്കും തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന്‍െറ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കുകയില്ല. ചിലരെങ്കിലും എന്‍.എസ്.എസിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത് നടപ്പാകില്ളെന്നും അദ്ദേഹം പറഞ്ഞു. 140ാമത് മന്നം ജയന്തി സമ്മേളനത്തോടനുബന്ധിച്ച അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ വിശദീകരണം നടത്തുകയായിരുന്നു ജനറല്‍ സെക്രട്ടറി. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാടാണ്. ഏതെങ്കിലും സമുദായത്തിനോടോ മതത്തിനോടോ എതിരില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ല. ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ, എന്‍.എസ്.എസില്‍ വരുമ്പോള്‍ ശുദ്ധമായ സമുദായ പ്രവര്‍ത്തകരായി വരണം. കഴിഞ്ഞ മന്ത്രിസഭ അനുമതി നല്‍കിയ പാലക്കാട് പറക്കുളത്തെ എയ്ഡഡ് കോളജിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയത് സംഘടനയുടെ സമദൂരനിലപാടിനുള്ള അംഗീകാരമാണ്.
മുന്നാക്കക്കാരിലെ പാവപ്പെട്ടവനുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരുക്കമല്ല. എല്ലാവരുടെയും മനസ്സില്‍ പിന്നാക്കക്കാര്‍ മാത്രമാണുള്ളത്. എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ മുന്നാക്ക വികസന കോര്‍പറേഷന്‍ രൂപവത്കരിക്കുകയും കമീഷന്‍ കൊണ്ടുവരികയും ചെയ്തു. ഈ സര്‍ക്കാര്‍ ഇത് സംരക്ഷിച്ചുപോരുകയാണ്. അത് എന്‍.എസ്.എസിന്‍െറ സമദൂരനിലപാടുകൊണ്ടാണ്. അശാസ്ത്രീയവും ന്യായരഹിതവുമായ വിദ്യാഭ്യാസ ചട്ടത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ പിന്‍വലിക്കണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ട എല്ലാ നടപടികളും എന്‍.എസ്.എസ് സ്വീകരിക്കും. സര്‍ക്കാറിന്‍െറ അതിക്രമങ്ങള്‍ക്ക് വഴങ്ങില്ളെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി.പി. ഹരിദാസ്, ട്രഷറര്‍ ഡോ. എം. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.