സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കിയാൽ പാവപ്പെട്ടവന്റെ വയറ് നിറയുമോയെന്ന് ഡോ. കെ.കെ. എൻ കുറുപ്പ്
text_fieldsസുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കിയാൽ പാവപ്പെട്ടവന്റെ വയറ് നിറയുമോയെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ. എൻ കുറുപ്പ്. ഇന്ത്യയിൽ ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥി, സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കി മാറ്റുമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താൻ പാവപ്പെട്ട വയറ് നിറയുമോ?, ആദിവാസികളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? വന്യജീവി ഭീഷണി ഇല്ലാതാകുമോ?. ജീവൽ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണീ ഇത്തരം വിവാദ പ്രസ്താവനകൾ പുറത്തുവിടുന്നതെന്നും കെ.കെ.എൻ കുറുപ്പ് പറഞ്ഞു.
അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുകയും ചർച്ചയാക്കുകയുമാണിപ്പോൾ വേണ്ടത്. എന്നാൽ, അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണിപ്പോൾ നടക്കുന്നത്. ഗണപതി വട്ടം എന്ന് ഇന്ന് വിളിക്കുന്ന ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നുവെന്നത് 1973-ൽ അവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. അമ്പലത്തിന്റെ നാലുഭാഗത്തുമുള്ള കൊത്തുപണികളും ചിത്രങ്ങളും ബോധ്യപ്പെടുത്തിയതായി കുറുപ്പ് പറയുന്നു. എളംകുളം കുഞ്ഞൻപിള്ളയുടെ പുസ്തകത്തിൽ ഈ ക്ഷേത്രം ഗണപതിക്ഷേത്രമാണെന്ന് എഴുതി കണ്ടു. ഇക്കാര്യത്തെ കുറിച്ച് ഞാൻ എളംകുളം കുഞ്ഞൻ പിള്ളയോട് അന്വേഷിച്ചപ്പോൾ ഞാൻ അവിടെ പോയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ചരിത്ര ബോധമില്ലാതെയാണ് ഇത്തരക്കാർ സംസാരിക്കുന്നതെന്നും കെ.കെ.എൻ കുറുപ്പ് ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു.
താൻ ജയിച്ചാൽ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്ന് മാറ്റുമെന്ന് നേരത്തെ ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇന്ന് വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ഇതിനെ ന്യായീകരിച്ചിരിക്കയാണ്. 'സുല്‍ത്താൻസ് ബാറ്ററി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചത്' -സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉത്തരേന്ത്യയിൽ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യമുന്നയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.