ശുചിത്വ സുന്ദരം ഈ ബത്തേരി
text_fieldsശുചിത്വത്തിലൂടെ സുന്ദര നഗരമായി മാറി ചരിത്രം ഉറങ്ങുന്ന സുൽത്താൻ ബത്തേരി. ജില്ലയിലെ മറ്റേതൊരു നഗരവുമായി താരതമ്യം ചെയ്താലും വൃത്തിയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ബത്തേരി. കഴിഞ്ഞ നാലുവർഷംകൊണ്ട് ഈ രീതിയിലായിട്ടുണ്ടെങ്കിൽ അത് ഭരണക്കാരുടെ നേട്ടമായി വേണം കാണാൻ. ദേശീയ പാതയിൽ പഴയ സന്തോഷ് ടാക്കീസിനടുത്തെ പെേട്രാൾ പമ്പ് മുതൽ പുൽപ്പള്ളി, മൈസൂരു, നമ്പ്യാർകുന്ന്, താളൂർ റോഡുകളിലേക്ക് സുൽത്താൻ ബത്തേരി നീളുകയാണ്. കിലോമീറ്ററുകൾ നീളുന്ന ഈ നഗരത്തോടനുബന്ധിച്ചുള്ള ഏത് ഇടവഴികളിലൂടെ സഞ്ചരിച്ചാലും വൃത്തിഹീനമായ ഒന്നും കാണാനാവില്ല. ജാഗ്രതയോടെ നിലകൊള്ളുന്ന നഗരസഭ ശുചീകരണ തൊഴിലാളികളാണ് ഇതിന് പിന്നിൽ.
സുൽത്താൻ ബത്തേരിയിൽ വന്ന് തിരിച്ചുപോകുന്ന ഒരാൾക്ക് ഗാന്ധി ജങ്ഷനിൽനിന്നു തുടങ്ങി അസംപ്ഷൻ ജങ്ഷനിൽ അവസാനിക്കുന്ന റഹിം മെമ്മോറിയൽ റോഡ് ഒഴിവാക്കാനാവില്ല. നഗരത്തിലെ പ്രധാന വൺവേയായ ഈ റോഡ് കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഏറെ മാറി. കുന്നുകൂടിക്കിടന്നിരുന്ന മാലിന്യങ്ങൾ, തുറന്നുകിടക്കുന്ന ഓവുചാലുകൾ എന്നിവയൊക്കെ ഒഴിവാക്കപ്പെട്ടത് നാലു വർഷത്തിനിടയിലാണ്. ഏതാനും മാസം മുമ്പ് ഈ റോഡ് ടൈൽ പാകി മനോഹരമാക്കി.
നഗരത്തിലെ നടപ്പാത നിർമാണം പൂർത്തിയായിട്ട് രണ്ടു വർഷത്തോളമായി. നടപ്പാതയും വേലിയും എത്ര നന്നായി സംരക്ഷിക്കാമെന്ന് ബത്തേരി കാണിച്ചുതരും. കൈവരികളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ചുള്ള വർണക്കാഴ്ച ജില്ലയിലെ മറ്റൊരു ടൗണിലും കാണില്ല. അസംപ്ഷൻ ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെയുള്ള ഒന്നര കിലോമീറ്ററോളം ഭാഗത്ത് ഇടവിട്ടാണെങ്കിലും പുച്ചെടികൾ കാണാം. ചെടികൾ വെള്ളമൊഴിച്ച് കൃത്യമായി പരിപാലിക്കാൻ ഒട്ടുമിക്ക വ്യാപാരികളും രംഗത്തുണ്ട്. നഗരത്തിെൻറ ഹൃദയ ഭാഗം പഴയ ബസ്സ്റ്റാൻഡ് തന്നെയാണ്. ഇവിടത്തെ സ്വതന്ത്ര മൈതാനി മുഖം മിനുക്കി മനോഹരമാക്കി. ഒരു മിഠായിക്കടലാസ് പോലും ഇവിടെ കാണാൻ കഴിയില്ല. സ്വതന്ത്ര മൈതാനിക്കും ട്രാഫിക് ജങ്ഷനും ഇടയിലാണ് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ബോഗൺ വില്ലയുള്ളത്.
നഗരത്തിൽ രാത്രി സർവിസ് നടത്തുന്ന ഏതാനും ഓട്ടോ തൊഴിലാളികളാണ് ഇത് നട്ട് പരിപാലിക്കുന്നത്. നഗര സഭ ഏറ്റെടുത്ത് ചെടി പരിപാലിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ്. ഇവിടെനിന്ന് 150 മീറ്റർ മാറി എസ്.ബി.ടിക്കടുത്ത് ഒരു കിണറുണ്ടായിരുന്നു. വെള്ളത്തിൽ മാലിന്യത്തിെൻറ സാന്നിധ്യം കണ്ടെത്തിയതോടെ കിണർ മൂടി. പകരം കുഴൽക്കിണർ കുഴിച്ചു. മനോഹരമായ കലാവിദ്യ കൊണ്ട് നിർമിച്ച മരവും ഏറുമാടവും കുടിവെള്ള ടാപ്പുമാണ് പഴയ കിണറിെൻറ സ്ഥാനത്ത് ഇപ്പോഴുള്ളത്. നഗരത്തിലെ എന്ത് ചെറിയ കാര്യവും എങ്ങനെ സൗന്ദര്യമുള്ളതാക്കാമെന്ന് തെളിയിക്കുന്നതാണ് ഏറുമാടം. സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഈ സൗന്ദര്യവത്കരണത്തിലുണ്ട്. നഗരത്തിൽ തുപ്പിയാൽ 500 രൂപ പിഴ ഈടാക്കാനുള്ള നഗരസഭ തീരുമാനവും എടുത്തുപറയേണ്ടതാണ്.
വെറ്റില മുറുക്കുന്നവരും വെറുതെ തുപ്പി ശീലമുള്ളവരും നഗരത്തിലെത്തിയാൽ ജാഗ്രത പാലിക്കും.അറിയാതെ തുപ്പി കീശയിൽനിന്ന് കാശ് പോയവരുമുണ്ട്. നഗരത്തെ ഇങ്ങനെ വൃത്തിയുള്ളതാക്കി നിലനിർത്തണമെങ്കിൽ ഒരു മാലിന്യ സംസ്കരണ കേന്ദ്രം വേണമെന്ന് ഭരണക്കാർക്ക് ബോധ്യമുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങളും വർഷങ്ങൾക്ക് മുമ്പേ നടന്നു. ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രമാണ് ലക്ഷ്യമിട്ടത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.