ബത്തേരിയിൽ ആലിപ്പഴവർഷം; വീടിനു കേടുപാട് സംഭവിച്ചു
text_fieldsസുല്‍ത്താന്‍ ബത്തേരി: മാനത്തു നിന്ന് ആലിപ്പഴ പെയ്തിറങ്ങിയത് ബത്തേരിയിലെ സ്വദേശികളെ അദ്ഭുതപ്പെടുത്തുകയും ഒപ്പം ആശങ്കയിലാഴ്ത്തുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴക്കൊപ്പമാണ് കനത്ത ആലിപ്പഴ വര്‍ഷവുമുണ്ടായത്. വലുപ്പമുള്ള ആലിപ്പഴങ്ങളാണ് വീണത്. റോഡരികിലും തോട്ടത്തിലുമെല്ലാം ഇവ കൂടിക്കിടന്നു. കല്ലുവയല്‍, അമ്മായിപ്പാലം, റാട്ടക്കുണ്ട്, മണിച്ചിറ എന്നിവിടങ്ങളിലായി മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് ആലിപ്പഴം പെയ്തത്.
അടുത്തകാലത്തൊന്നും ഇത്ര വലിയ ആലിപ്പഴ വര്‍ഷമുണ്ടായതായി അറിവില്ലെന്ന് പ്രായമായവര്‍ പറഞ്ഞു. ഇതിനുമുമ്പ് 2014ലാണ് ആലിപ്പഴം പെയ്തതെന്ന് അമ്പലവയല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. അന്ന് ചെറിയ ആലിപ്പഴമായിരുന്നു. ഇത്തവണ ജില്ലയിൽ പലയിടത്തും ആലിപ്പഴം പെയ്തു. എന്നാല്‍, ഏറ്റവും വലുപ്പമുള്ള ആലിപ്പഴം വീണത് ബത്തേരിയിലാണ്. വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് ഇവ വീണത് വീട്ടിനുള്ളിലുള്ളവരെ ഭീതിയിലാക്കി. ഓടുകള്‍ക്കും ഷീറ്റുകള്‍ക്കും കേട്പാട് സംഭവിക്കുകയും ചെയ്തു.
ആലിപ്പഴം പെയ്തത് കൃഷിക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇത്രയും വലിയ ആലിപ്പഴം പെയ്തത് എല്ലാ വിളകെളയും സാരമായി ബാധിക്കുമെന്നാണ് അവരുടെ ഭയം. കാപ്പി, കുരുമുളക്, പഴവര്‍ഗങ്ങള്‍ എന്നിവ നശിക്കാൻ ഇടയാക്കും. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്നും രണ്ടു മൂന്നു ദിവസം കൂടി വേനൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.