പുള്ളിപ്പുലി കെണിയിൽനിന്ന് ചാടി; മയക്കുവെടിയിൽ വീണു
text_fieldsസുൽത്താൻ ബത്തേരി: മൂലങ്കാവ് പള്ളിപ്പടിയിൽ തോട്ടത്തിൽ പന്നിക്കുവെച്ച കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടെങ്കിലും മയക്കുവെടിയിൽ വീണു. ഞായറാഴ്ച വൈകീട്ട് ഏഴോടെ കൃഷിയിടത്തിൽനിന്നാണ് പുലിയെ പിടിച്ചത്. പകൽ മുഴുവൻ നിരവധി ഗ്രാമങ്ങളെ ഭീതിയിലാക്കിയ ശേഷമാണ് പുലിയുടെ കീഴടങ്ങൽ. മുൾമുനയിൽ നിന്ന വനപാലകർക്കും പൊലീസിനും ഇതോടെ ആശ്വാസമായി.
ഞായറാഴ്ച വെളുപ്പിന് പള്ളിപ്പടിയിൽ ഒരാളുടെ വീടിന് 50 മീറ്റർ മാറിയാണ് പുലിയെ കെണിയിൽ കുടുങ്ങിയനിലയിൽ കണ്ടത്. തലേന്ന് രാത്രിയാണ് പുലി പന്നിക്കെണിയിൽപെട്ടത്. ഒരു കൈ കെണിയിൽ കുടുങ്ങിയതോടെ പുലിക്ക് സഞ്ചരിക്കാൻ കഴിയാതായി. വനംവകുപ്പ് സംഘമെത്തി നിരീക്ഷിച്ചെങ്കിലും അടുത്തേക്കു പോയില്ല. മയക്കുവെടിവെച്ച് കൂട്ടിലാക്കി ഉൾവനത്തിൽ വിടാനായിരുന്നു തീരുമാനം. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ ഇവിടെ എത്തിയെങ്കിലും നടപടികൾ ആരംഭിക്കുന്നതിനുമുമ്പ് ഉച്ചക്ക് 12ഓടെ പുലി കുതറുകയും കുതിച്ചുചാടുകയും ചെയ്തു. കെണിയായി ഉപയോഗിച്ച വള്ളി പൊട്ടിച്ച് ഓടിമറഞ്ഞതോടെ ഓടപ്പള്ളം, കരിവള്ളിക്കുന്ന്, വടച്ചിറക്കുന്ന്, കുപ്പാടി, വള്ളുവാടി, മൂലങ്കാവ്, പള്ളിപ്പടി പ്രദേശങ്ങളിലുള്ളവർ പരിഭ്രാന്തിയിലായി.
പ്രദേശത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെ കാടിനെ ലക്ഷ്യമാക്കിയാണ് പുലി നീങ്ങിയതെന്ന് വനപാലകർ പറഞ്ഞു. ഇത് വിശ്വസിക്കാൻ നാട്ടുകാർ തയാറായില്ല. ഇതോടെ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി.
അഞ്ചു മണിക്കൂറിനുശേഷം ഒരു കിലോമീറ്ററോളം അകലെ മൂലങ്കാവിനടുത്ത മറ്റൊരു കൃഷിയിടത്തിൽ പുലിയെ കണ്ടെത്തി. മയക്കുവെടി വെക്കാനുള്ള ശ്രമം ഒരു മണിക്കൂറിലേറെ നീണ്ടു. ഡോ. അരുൺ സക്കറിയ വെടിയുതിർത്തത് ലക്ഷ്യംകണ്ടതോടെ പുലി മയങ്ങിവീണു. കൂട്ടിലാക്കി ഉൾക്കാട്ടിൽ കൊണ്ടുവിടാനാണ് വനംവകുപ്പിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.