ബത്തേരി ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററായേക്കും
text_fieldsസുൽത്താൻ ബത്തേരി: രോഗവ്യാപന തോത് വർധിക്കുന്ന സാഹചര്യത്തിൽ ബത്തേരി ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാകാനുള്ള സാധ്യതയേറി. മലബാർ ട്രേഡിങ് കമ്പനിയിലെ 17 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
സ്ഥാപനത്തിലെ ജീവനക്കാരുടെ സമ്പർക്കപ്പട്ടികയിൽ 300ലധികം പേരുണ്ട്. അതിജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. സമ്പർക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരുകയാണിപ്പോള്‍. കോവിഡ്-19 പ്രതിരോധ നടപടികളെ നിസ്സാരമായി കണ്ടതാണ് വിനയായത്. ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും പരിഹാരമാർഗങ്ങൾ ഊർജിതമാക്കുമ്പോഴും താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ആശങ്ക കുറയുന്നില്ല. മലബാർ േട്രഡിങ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി നഗരസഭ ചെയർമാൻ ടി.എൽ. സാബു അറിയിച്ചു.
തമിഴ്നാട്, കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു ലോറികളിൽ മിക്ക ദിവസവും ഈ പലചരക്ക് മൊത്ത കച്ചവട സ്ഥാപനത്തിലേക്ക് ചരക്ക് എത്തിയിരുന്നു. കടയിലെ ബുക്കിൽ സന്ദർശകരുടെ പേര് എഴുതിവെക്കുന്നതല്ലാതെ രോഗപ്പകർച്ചക്കുള്ള സാധ്യത ഒഴിവാക്കാനുള്ള കാര്യമായ നടപടികൾ ഇവിടെ എടുത്തില്ലെന്ന് വ്യക്തമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ കച്ചവടം എന്നറിയാൻ ആരോഗ്യ വകുപ്പും പരിശോധന നടത്തിയില്ല. വെള്ളിയാഴ്ചയാണ് ഇവിടത്തെ രണ്ട് ജീവനക്കാർക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പേ ഇവർക്ക് പനി ഉണ്ടായി. എന്നാൽ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയാണ് ചെയ്തത്.
ചെറുകിട കച്ചവടക്കാർ ഇവിടെനിന്നു സാധനം വാങ്ങി കച്ചവടം നടത്തുന്ന രീതിയാണുള്ളത്. ഇങ്ങനെ മറ്റ് സ്ഥലങ്ങളിൽനിന്നെത്തുന്ന കച്ചവടക്കാർക്ക് രോഗം ബാധിച്ചാൽ അവരുടെ പ്രദേശങ്ങളിലും രോഗമെത്തും. വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് ആൻറിജൻ പരിശോധന വേഗത്തിലാക്കുന്നത്. സമ്പർക്കപ്പട്ടികയിലുള്ള 300ഓളം പേരുടെ ആൻറിജൻ പരിശോധന നടത്തും.
ചരക്കുമായി വരുന്ന ലോറി ൈഡ്രവർമാർ ചരക്കിറക്കി കഴിയുന്നതുവരെ ക്വാറൻറീനിൽ കഴിയണമെന്ന് ജില്ല ഭരണകൂടം ചട്ടമിറക്കിയിരുന്നു. ലോറിക്കാരെ ക്വാറൻറീനിൽ പാർപ്പിക്കേണ്ട ചുമതല വ്യാപാരിക്കാണ്.
ബത്തേരിയിൽ അത്തരം കാര്യങ്ങളിൽ വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നാം തവണയാണ് സുൽത്താൻ ബത്തേരി നഗരം അടച്ചിടുന്നത്.
ഒരു മാസം മുമ്പ് പൂളവയലിൽ സ്റ്റാർ ഹോട്ടൽ നിർമാണത്തിന് സാധനങ്ങളുമായി വന്ന ലോറി ൈഡ്രവർമാർ അതിഥി തൊഴിലാളികൾക്ക് രോഗം പടർത്തി. 14 ദിവസം അടച്ചിട്ട നഗരത്തിൽ പിന്നീട് നിയന്ത്രണങ്ങളിൽ കാർക്കശ്യം കുറഞ്ഞു വന്നു. തുടർന്ന് കഴിഞ്ഞ രണ്ടിന് കോവിഡ് ബാധിതനായ തമിഴ്നാട്ടുകാരനായ ലോറി ൈഡ്രവർ കടകളിൽ കയറിയതോടെ വീണ്ടും നഗരം അടച്ചു. മൂന്നാമത്തെ അടച്ചിടൽ ഇനി എത്ര ദിവസം നീളുമെന്നതാണ് ജനത്തെ അങ്കലാപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.