വേനൽ കടുത്തുതുടങ്ങി; കുടിവെള്ള ക്ഷാമവും
text_fieldsകിളിമാനൂർ: വേനലടുക്കുമ്പോൾ കുടങ്ങളും ചുമന്ന് കിലോമീറ്ററുകൾ താണ്ടാനാണ് കിളിമാനൂരിലെ ആബാലവൃദ്ധത്തിനും ഗതി. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലാകാലങ്ങളിൽ പഞ്ചായത്തുകൾ സർക്കാർ ധനസഹായത്തിലും സ്വന്തം നിലക്കും ഒട്ടേറെ ചെറുകിട പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും കൃത്യമായ അറ്റകുറ്റപ്പണിയുമില്ലാത്തതിനാൽ പദ്ധതികളിൽ ഭൂരിഭാഗവും കാഴ്ചക്ക് മാത്രമായി. മഴ വരുന്നതോടെ വേനലിലെ ദുരിതം എല്ലാവരും മറക്കും, അത് അനുഭവിക്കുന്നവരായാലും അനുവദിക്കുന്നവരായാലും.
കിളിമാനൂർ ബ്ലോക്കിനുകീഴിലെ പഞ്ചായത്തുകളിലെല്ലാം മാർച്ചോടെ കുടി വെള്ളക്ഷാമം നേരിട്ടുതുടങ്ങി. പള്ളിക്കൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ്. പഞ്ചായത്തിെൻറ അതിർത്തിയിലൂടെ ഇത്തിക്കരയാർ ഒഴുകുന്നുണ്ട്. ഇവിടെ ഉണ്ടപ്പാറ കുടിവെള്ള പദ്ധതി നിലവിലുണ്ട്. എന്നാൽ, അടിക്കടി പ്രവർത്തനം തകരാറാണെന്ന പരാതിയുണ്ട്. പദ്ധതിയുടെ ഗുണം വളരെ കുറച്ച് പ്രദേശങ്ങളിൽ മാത്രമാണുള്ളത്. കാട്ടുപുതുശ്ശേരി, മുക്കംകോട്, പ്ലാച്ചിവിള, മുതിയക്കോണം, കല്ലറക്കോണം, മൂതല, പകൽക്കുറി, ചേങ്കോട്, കലതിപ്പച്ച എന്നിവിടങ്ങൾ വർഷങ്ങളായി വേനലിൽ വരൾച്ച നേരിടുന്ന പ്രദേശങ്ങളാണ്.
മടവൂർ പഞ്ചായത്തിെൻറ അവസ്ഥയും ഇതിൽനിന്നും ഭിന്നമല്ല. രൂക്ഷമായ ജലക്ഷാമം കണക്കിലെടുത്ത് പതിറ്റാണ്ടുകൾക്കു മുമ്പ് കുടിവെള്ളത്തിന് കുഴൽവഴി പരിഹാരം കാണാൻ ശ്രമിച്ച പഞ്ചായത്താണ് മടവൂർ. കക്കോട് മേഖല രൂക്ഷമായ കുടിവെള്ള പ്രശ്നമനുഭവിക്കുന്ന പ്രദേശമാണ്. ക്ലാവറക്കുന്ന്, അടുക്കോട്ടുകോണം എന്നിവിടങ്ങൾ വേനലിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കിളിമാനൂർ കുടിവെള്ള പദ്ധതിയും, പഞ്ചായത്തിലെ ആനകുന്നം പ്രദേശത്ത് വെള്ളം ലഭിക്കുന്ന പള്ളിക്കൽ ഈരാറ്റിൽ പദ്ധതിയുമാണ് പ്രധാന കുടിവെള്ള സ്രോതസ്സ്. ചെറുകിട പദ്ധതികൾ ഒട്ടേറെയുണ്ട്. എന്നാൽ, ഇതൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കക്കോട് പാറമടയിൽ ആവശ്യത്തിലേറെ വെള്ളമുണ്ട്. എന്നാൽ, അത് ശുദ്ധീകരിച്ച് ഉപയോഗിക്കാൻ തക്ക ബോധ്യം ഇപ്പോഴും ബന്ധപ്പെട്ടവർക്കില്ല.
കിളിമാനൂർ പഞ്ചായത്തിൽ ഒന്നു മുതൽ അഞ്ചു വരെ വാർഡുകൾ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഇതിൽ മുളയ്ക്കലത്തുകാവ്, തോപ്പിൽ, വിലങ്ങറ എന്നിവിടങ്ങളിൽ രൂക്ഷത ഏറെയാണ്. കിളിമാനൂർ കുടി വെള്ള പദ്ധതി യാഥാർഥ്യമായെങ്കിലും നദിയിലെ ജലനിരപ്പ് താഴുന്നതും പുതിയ കണക്ഷനുകളും മൂലം ജലലഭ്യത വരും ദിവസങ്ങളിൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
പത്തിലേറെ പൊതുകിണറുകളും നിരവധി കുഴൽകിണറുകളും കുളങ്ങളുമടക്കം ഒട്ടേറെ പദ്ധതികളും പല ഘട്ടങ്ങളിൽ സ്ഥാപിതമായിട്ടുണ്ട്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ടൗണിനു ചുറ്റും ഉയർന്ന പ്രദേശങ്ങളിലാണ് പഞ്ചായത്തിെൻറ ജനജീവിതത്തിൽ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ജലലഭ്യതയും വെല്ലുവിളിയാണ്.
മഠത്തിൽകുന്ന്, ചെവളക്കോണം, ചാക്കുടി, ഇടയ്ക്കരിക്കകം, വണ്ടന്നൂർ, നെല്ലിടക്കുന്ന്, കാനാറ, മുങ്ങാംകുഴി, വയ്യാറ്റിൻകര, നെല്ലിക്കാട്, മങ്കാട്, പഴയകുന്നുമ്മേൽ, ചാവേറ്റിക്കാട് എന്നിവിടങ്ങൾ വരൾച്ച രൂക്ഷമായ പ്രദേശങ്ങളാണ്. ചെറിയൊരാശ്വാസമായുള്ളത് കിളിമാനൂർ കുടിവെള്ള പദ്ധതിയാണ്. എന്നാൽ, പഞ്ചായത്തിലെ പലയിടങ്ങളിലേക്കും പദ്ധതിയുടെ കുഴൽ നീണ്ടിട്ടില്ല. കുഴലുള്ള പലയിടത്തും വെള്ളമില്ലെന്നും പരാതിയുണ്ട്.
വാമനപുരം നദിയോട് ചേർന്ന് പുളിമാത്ത് പഞ്ചായത്തിെൻറ അവസ്ഥയും ഭിന്നമല്ല. ഒട്ടേറെ പദ്ധതികളുള്ള നദിയിൽ പുളിമാത്ത് പഞ്ചായത്തിനും പദ്ധതിയുണ്ട്. എന്നാൽ, പഞ്ചായത്തിെൻറ കിഴക്കൻ മേഖലകളിൽ കുടിവെള്ള കുഴലുകൾ എത്തിയിട്ടില്ലെന്നും പരാതിയുണ്ട്. 17 വാർഡുകളുള്ള നഗരൂരിെൻറ ഭൂരിഭാഗം പ്രദേശങ്ങളും ജലദൗർലഭ്യം നേരിടുന്നു. നെടുംപറമ്പ്, ഇറത്തി, മാമത്തുവിള, തണ്ണിക്കോണം, ഗേറ്റ് മുക്ക്, പെരുമാമല, കീഴ്പേരൂർ, ചിന്ത്രനല്ലൂർ, വെള്ളല്ലൂർ, വട്ടവിള, വല്ലക്കോട്, മാടപ്പാട് എന്നിവിടങ്ങൾ വർഷങ്ങളായി ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളാണ്.
ജലവിഭവ വകുപ്പിെൻറ മേൽനോട്ടത്തിൽ ഇടവനക്കോണം, പെരുമാമല, മണ്ഡപക്കുന്ന്, മുളവന തുടങ്ങിയ പദ്ധതികളുമുണ്ട്. ഇവയിൽനിന്നൊന്നും പതിവായി വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.