സർചാർജിന് പുറമേ ‘സമ്മർചാർജും’; നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വേനൽക്കാലത്തെ വർധിച്ച വൈദ്യുതി ഉപഭോഗത്തിന് ‘സമ്മർ ചാർജ്’ അടക്കം നിർദേശിച്ച് വൈദ്യുതി നിരക്ക് വർധനക്ക് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു. അടുത്ത മൂന്നു വർഷത്തെ വൈദ്യുതി നിരക്ക് വർധനക്കായി സമർപ്പിച്ച അപേക്ഷയിൽ ഗാർഹിക ഉപഭോക്താക്കൾക്ക് യൂനിറ്റിന് 30 പൈസയുടെ വരെ വർധനയും ജനുവരി മുതൽ മേയ് വരെയുള്ള വേനൽക്കാലത്ത് 10 പൈസ അധിക നിരക്കും ആവശ്യപ്പെടുന്നു.
ഇന്ധന സർചാർജ് ഇനത്തിൽ ഇപ്പോൾ ഈടാക്കുന്ന നിരക്കിന് പുറമേയാണിത്. റെഗുലേറ്ററി കമീഷൻ തെളിവെടുപ്പിന് ശേഷമാവും നിരക്കുകൾ അംഗീകരിക്കുക. കെ.എസ്.ഇ.ബി ആവശ്യപ്പെടുന്ന നിരക്കുകൾ അതേപടി അംഗീകരിക്കാനിടയില്ലെങ്കിലും നിലവിലെ നിരക്കുകളിൽ വർധന വൈകാതെയുണ്ടാവും. പ്രതിമാസം 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവരെ സമ്മർ താരിഫിൽനിന്ന് ഒഴിവാക്കും.
നിലവിലെ നിരക്കുകൾ സെപ്റ്റംബർ വരെ തുടരാൻ നേരത്തേ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിരുന്നു. 2027 വരെയുള്ള നിരക്ക് വർധന നിർദേശങ്ങളടങ്ങിയ അപേക്ഷയാണ് കഴിഞ്ഞ ദിവസം റെഗുലേറ്ററി കമീഷന് സമർപ്പിച്ചത്. വൈദ്യുതി ഉപയോഗം കൂടുതലുള്ള ‘പീക്ക് സമയത്ത്’ 250 യൂനിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് കൂട്ടുന്നതടക്കമുള്ള ആവശ്യങ്ങളും കെ.എസ്.ഇ.ബി ഉന്നയിക്കുന്നു.
കണക്ടഡ് ലോഡിന്റേയം ഉപയോഗത്തിന്റേയും അടിസ്ഥാനത്തിൽ ഗാർഹിക സൗരോർജ ഉൽപാദകർക്ക് ടി.ഒ.ഡി മീറ്റർ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ബില്ലിങ് രീതി കെ.എസ്.ഇ.ബിക്ക് ബാധ്യത വരുത്തുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
നിരക്ക് വർധനയിലൂടെ 2024-25 വർഷം 923.24 കോടിയുടെ അധിക വരുമാനമാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. നിരക്ക് വർധന നിർദേശങ്ങൾ ക്രോസ് സബ്സിഡി മൂലമുള്ള അപാകത പരിഹിക്കുമെന്നും ഒരു കാറ്റഗറിയിലുമുള്ള ഉപഭോക്താക്കൾക്കും ‘ഷോക്ക്’ ആവില്ലെന്നും’ അവകാശപ്പെടുന്നു. ഗാർഹിക ഉപഭോക്താക്കളുടെ കുറഞ്ഞ ഫിക്സഡ് ചാർജ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് 50 രൂപയും ഉയർന്നത് 300 രൂപയും ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.