കേരളം ഉഷ്ണതരംഗത്തിലേക്ക്
text_fieldsതിരുവനന്തപുരം: വേനൽമഴ കനിയാതായതോടെ സംസ്ഥാനം ഉഷ്ണതരംഗത്തിലേക്ക് (ഹീറ്റ് വേവ്) നീങ്ങുന്നു. പാലക്കാട് ജില്ലയിൽ നാലുദിവസമായി ചൂട് 40 ഡിഗ്രിക്ക് മുകളിൽ തുടരുന്നതും കൊല്ലം ജില്ലയിൽ ചൂട് 40 ഡിഗ്രിയോട് അടുക്കുന്ന സാഹചര്യത്തിലുമാണ് കേരളം തീച്ചൂളയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷകർ നൽകുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ സമതലങ്ങളിൽ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലും തീരപ്രദേശങ്ങളിൽ കുറഞ്ഞത് 37 ഡിഗ്രിയിലും മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രിയിലും എത്തുമ്പോഴാണ് ഉഷ്ണതരംഗം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കൂടാതെ, താപനില സാധാരണയിൽനിന്ന് 4.5 ഡിഗ്രിയിലേക്ക് എത്തുകയും വേണം. ശനിയാഴ്ച പാലക്കാട് 41.5 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. താപനില സാധാരണനിലയിൽനിന്ന് 4.6 ഡിഗ്രിയായി ഉയരുകയും ചെയ്തു. ഉഷ്ണതരംഗം പ്രഖ്യാപിക്കാനുള്ള കാലാവസ്ഥ സാഹചര്യം പാലക്കാട് സാങ്കേതികമായി എത്തിയെങ്കിലും മറ്റൊരു ജില്ലയിൽ കൂടി സമാനസാഹചര്യം ഉണ്ടായാൽ മാത്രമാണ് ഔദ്യോഗികമായി സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിക്കാൻ സാധിക്കൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2016 ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.
പകൽച്ചൂടിന് പിന്നാലെ പുലർക്കാലത്തും കേരളം വിയർത്തൊലിക്കുകയാണ്. ശനിയാഴ്ച എറണാകുളം ജില്ലയിൽ 29.6 ഡിഗ്രിയും കോഴിക്കോട് 29.5 ഡിഗ്രിയുമാണ് പുലർെച്ച അനുഭവപ്പെട്ടത്. പകൽച്ചൂടിന് സമാനമായി സാധാരണ താപനിലയിൽനിന്ന് 3.1-3.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇരുജില്ലകളിലും ഉയർന്നത്. ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് ഉഷ്ണസൂചികയിലും വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. മനുഷ്യശരീരത്തിൽ അനുഭവവേദ്യമാവുന്ന യഥാർഥ ചൂടാണ് ഉഷ്ണസൂചിക. അതായത് 35-36 ഡിഗ്രി താപനിലയിൽ 50-60ശതമാനം ആനുപാതികമായ ഈർപ്പവും കൂടിയുണ്ടെങ്കിൽ മനുഷ്യശരീരത്തിൽ അനുഭവവേദ്യമാവുന്ന ചൂട് 45 ഡിഗ്രി അല്ലെങ്കിൽ 50ഡിഗ്രിക്ക് അടുത്തേക്കുവരും. ഇത് സൂര്യാഘാത്തതിലേക്ക് കൊണ്ടെത്തിക്കും. നിലവിൽ എല്ലാ ജില്ലകളിലും താപസൂചിക 55 ഡിഗ്രിക്ക് മുകളിലാണ്.
വേനൽമഴയും തീരെകുറവ്
കേരളത്തെ വരൾച്ചയിലേക്ക് തള്ളിവിട്ടുകൊണ്ട് 69 ശതമാനം മഴയുടെ കുറവാണ് ഞായറാഴ്ച വരെ സംസ്ഥാനത്തുണ്ടായിരിക്കുന്നത്. അതായത്, 54.5 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് കേവലം 16.8 മില്ലിമീറ്റർ മാത്രം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വേനൽമഴ ലഭിച്ചിട്ടേയില്ല.
ഏപ്രിലിലും കാര്യമായ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ പ്രവചനം. അങ്ങനെയെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വരൾച്ചയുടെ മാസങ്ങളാണ്. ഫെബ്രുവരിയിലെ ചൂടിൽതന്നെ കാടുകൾ കരിഞ്ഞുതുടങ്ങിയതിൽ ഭക്ഷണവും വെള്ളവും തേടി കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണവും വർധിക്കുകയാണ്. വേനൽ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. വൈദ്യുതി വകുപ്പ് അണക്കെട്ടുകളിൽ ശരാശരി 46 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്.
ഉഷ്ണത്തെ ഭയക്കണം, മരണം വരെ സംഭവിക്കാം
ശരീരത്തിൽ താപനില അതികഠിനമായി വർധിക്കുന്നതനുസരിച്ച് ശരീരത്തിലെ രക്തക്കുഴലുകളും തുറക്കും. ഇത് ശരീരത്തിൽ രക്തസമ്മർദം പെട്ടെന്ന് കുറയുന്നതിന് കാരണമാകും. ഇതു ഹൃദയത്തെയും പ്രതികൂലമായി ബാധിക്കാനും ഹൃദയാഘാതത്തിനും വഴിവെക്കും. ചൂടിനെ പ്രതിരോധിക്കുന്നതിനുവേണ്ടി ശരീരം പലപ്പോഴും വളരെയധികം വിയർക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് ശരീരത്തിലെ ജലാംശവും സ്വാഭാവികമായ ഉപ്പും എല്ലാം നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു.
ഇതോടെ നിർജലീകരണം സംഭവിക്കുകയും ജീവന് ആപത്തുണ്ടാകുകയും ചെയ്യും. കുറഞ്ഞ രക്തസമ്മർദം, പേശീവലിവ്, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയും ഉഷ്ണതരംഗത്തിന്റെ ഭാഗമായി ഉണ്ടാകും. ധാരാളം വെള്ളം കുടിക്കുകയെന്നതാണ് മുൻഗണന നൽകേണ്ട പ്രതിരോധം. ജലാംശം കൂടുതലുള്ള പഴങ്ങളും ഭക്ഷണങ്ങളും കഴിക്കുകയെന്നതും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.