ചുട്ടുപഴുത്ത് കേരളം; വെള്ളിയാഴ്ച കണ്ണൂരിലെ ചൂട് 40 ഡിഗ്രി
text_fieldsതിരുവനന്തപുരം: കണക്കുകൂട്ടലുകൾ തെറ്റിച്ച് മാർച്ച് ആദ്യവാരത്തിൽ തന്നെ സംസ്ഥാനത്ത് ചൂട് 40 ഡിഗ്രിയിൽ. വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിലാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മാപിനിയിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. വ്യാഴാഴാഴ്ച 39.2 ഡിഗ്രിയാണ് ഈ ഭാഗങ്ങളിൽ അനുഭവപ്പെട്ട ചൂട്.
വിവിധ ജില്ലകളിൽ ചൂട് ഉയരുകയാണ്. ചരിത്രത്തിലാദ്യമായാണ് മാർച്ച് ആദ്യവാരം ഇത്രയും ശക്തമായ ചൂട് കേരളത്തിൽ രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 2016 ഏപ്രിലിൽ പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പകൽ താപനില.
വേനൽകാലത്ത് പാലക്കാടും കൊല്ലം ജില്ലയിലെ പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന പ്രദേശങ്ങൾ. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചൂട് അനുഭവപ്പെടുന്നത് കണ്ണൂർ വിമാനത്താവള ഭാഗങ്ങളിലാണ്. മതിയായ വേനൽമഴ ലഭിച്ചില്ലെങ്കിൽ അടുത്ത രണ്ട് മാസം കേരളം ചുട്ടുപഴുക്കുന്ന സാധ്യതയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കോട്ടയം -37.5, തിരുവനന്തപുരം സിറ്റി -37.8, സിയാൽ കൊച്ചി -37.3 ഡിഗ്രി, ആലപ്പുഴ -36.2 ഡിഗ്രിയും എന്നിങ്ങനെ കഴിഞ്ഞ ദിവസം ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം ഉൾപ്പെടുന്ന രാജ്യത്തിന്റെ തെക്കൻ മേഖലയിൽ ഇത്തവണ പതിവിലും കൂടുതൽ ചൂട് ഉയരാൻ സാധ്യതയില്ലെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇത് തെറ്റിച്ച് രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ വർധിച്ചു. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില സാധാരണയിൽനിന്ന് മൂന്നുമുതൽ അഞ്ചുവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനല്‍ ചൂട് വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വൈദ്യുതി ഉപഭോഗം കൂടി
തൊടുപുഴ: സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ വൈദ്യുത ി
ഉപഭോഗവും കൂടി. വ്യാഴാഴ്ചത്തെ മൊത്ത വൈദ്യുതി ഉപഭോഗം 85.52 ദശലക്ഷം യൂനിറ്റ് ആണ്. കഴിഞ്ഞ മാസം ഇതേ സമയം ശരാശരി 78 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. മാർച്ച് മാസം കഴിയും മുൻപ് തന്നെ പ്രതിദിന ഉപഭോഗം 90 ദശലക്ഷം കവിയാനാണ് സാധ്യത. കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ ഫാൻ, എയർ കണ്ടീഷൻ എന്നിവയുടെ ഉപയോഗം വർധിക്കുന്നതാണ് കാരണം. 85.52 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതിൽ 65.11 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറം സംസ്ഥാനങ്ങളിൽ നിന്നും വിലയ്ക്ക് വാങ്ങുകയാണ് ചെയ്തത്.
സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ മൊത്തം ശേഷിക്കുന്നത് 2224.89 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്.
വരുന്നത് സൂര്യൻ ഭൂമിയോട് ഏറ്റവും അടുക്കുന്ന ദിനങ്ങൾ
തൃശൂർ: വേനൽ തുടങ്ങിയതോടെ മധ്യ - തെക്കൻ കേരളത്തിൽ 38 ഡിഗ്രിക്ക് മുകളിലാണ് പകൽചൂട്. വൈകുന്നേരം നാലിന് ശേഷവും മധ്യകേരളത്തിൽ പലയിടത്തും 38ന് മുകളിൽ ചൂടുണ്ട്.
രാത്രിചൂടും ഇതിനൊപ്പം കൂടുകയാണ്. ഭൂമിയിൽ നിന്നുള്ള കിരണങ്ങൾ ആകാശത്തിലേക്ക് പോകുന്നത് തടസ്സപ്പെടുന്ന സാഹചര്യമാണ് രാത്രി ചൂട് ഉയരാൻ ഇടയാക്കുന്നത്. സൂര്യൻ ഭൂമിയോട് ഏറ്റവും അടുക്കുന്ന ദിവസങ്ങളാണ് ഇനി വരാനുള്ളത്. ഇത് ചൂട് കൂടുതൽ കനക്കാൻ ഇടയാക്കും. മാർച്ച് 21ന് ഭൂമധ്യരേഖക്ക് നേരെ സൂര്യൻ എത്തുന്നതോടെ ചൂട് പാരമ്യത്തിലാവും.
രാത്രിയും പകലും 12 മണിക്കുർ തുല്യമായി വീതിക്കപ്പെടുന്നതോടെ പകലിന് ഏറക്കുറെ സമാനമാവും രാത്രി ചൂടും. നിലവിൽ കേരളത്തിന് മുകളിലുള്ള പ്രതിചക്രവാത ചുഴിയും പ്രതികൂല ഘടകമാണ്. ഇത് വേനൽ ആരംഭത്തിൽ തന്നെ ചൂട് കനക്കുന്നതിന് കാരണവുമാണ്. കഴിഞ്ഞ രണ്ടുമാസങ്ങളിൽ ആവശ്യമായ തോതിൽ മഴ ലഭിക്കാത്തത് വരൾച്ചയുടെ ആക്കം കൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.