മീനമാസ സൂര്യനുതാഴെ
text_fieldsസംസ്ഥാനത്ത് ഒരു മാസത്തിലധികമായി ശരാശരി താപനില രേഖപ്പെടുത്തിയിരിക്കുന്നത് 37 ഡിഗ്രിക്കും മുകളിലാണ്. ഭൂമിക്ക് പനിപിടിച്ച ഈയവസ്ഥയിലും, വേനൽച്ചൂടിനെ വെല്ലുന്ന വോട്ടോട്ടത്തിലാണ് സ്ഥാനാർഥികളും നേതാക്കളും അണികളുമെല്ലാം. കനത്തചൂടുകാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ തൃശൂർ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാറിന്റെ പ്രതികരണം ഇങ്ങനെ: ‘ഈ ചൂടൊക്കെ കടന്നല്ലേ നമ്മൾ വന്നത്’. രാവിലെ ആറിന് തുടങ്ങി രാത്രി 11 വരെ നീളുന്ന, നിർത്താതെയുള്ള ഓട്ടമാണ് സുനിൽകുമാറിന്റെ രീതി. ഉച്ചക്ക് 15-20 മിനിറ്റ് മാത്രം ഉച്ചഭക്ഷണത്തിന് വിശ്രമം, വീണ്ടും ഓട്ടം. എതിർസ്ഥാനാർഥി മുരളീധരന്റെ കാര്യം അൽപം വ്യത്യസ്തമാണ്. രാവിലെ 7.30ന് ഇറങ്ങിയാൽ ഉച്ചക്ക് 12.45 വരെ യാത്രയാണ്. ഉച്ചഭക്ഷണത്തിന് നിർത്തിയാൽ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് പുനരാരംഭിക്കുന്നത്. മൂന്ന് മുതൽ ഏകദേശം രാത്രി 10 വരെ അത് നീളും. യാത്രക്കിടയിൽ തണുത്ത വെള്ളം കരുതും. ഉച്ചവെയിൽ സമയം സുരേഷ്ഗോപിക്കും വിശ്രമമാണ്.
ചൂടിനെ ചൂടുകൊണ്ട് നേരിടുകയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥികൾ. ചെറിയ ഫ്ലാസ്കിൽ ഇളം ചൂടുവെള്ളം കൈയിൽ കരുതിയാണ് പന്ന്യൻ രവീന്ദ്രന്റെ വോട്ടോട്ടം. റോഡ് ഷോയിലാണെങ്കിൽ വല്ലപ്പോഴും കരിക്കിൻ വെള്ളം കുടിക്കും. ഇതിനെല്ലാം പുറമെ, ലൈം ടീയാണ് പന്ന്യന്‍റെ എനർജി ഡ്രിങ്ക്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്ക് ചൂട് ഒരു തടസ്സമേയല്ല ശശി തരൂരിനും. ഞായറാഴ്ച പൊരിയുന്ന ഉച്ചവെയിലിൽ തന്നെയായിരുന്നു ഇറങ്ങി നടത്തം. ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും എയർ പ്യൂരിഫെയർ സദാ കഴുത്തിലുണ്ട്. ഡൽഹിയിലെ വായുമലിനീകരണത്തിൽ നിന്ന് രക്ഷ തേടാൻ വാങ്ങിയതാണത്. ചൂടിനെ പ്രതിരോധിക്കാൻ ഡ്രൈ ഫ്രൂട്ട്സ്, കരിക്കിൻവെള്ളം എന്നിവയാണ് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പുകാല ഭക്ഷണങ്ങൾ.
നോമ്പിന്റെ ചൂട്
കത്തുന്ന വേനലിനിടെ റമദാൻ വ്രതം വന്നതും പ്രചാരണ രീതിയിൽ മാറ്റംവരുത്താൻ മുന്നണികളെ നിർബന്ധിതരാക്കി. മിക്ക മണ്ഡലങ്ങളിലും കനത്ത മത്സരമായതിനാൽ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നതിനാൽ അധികം അവധികൾ നൽകാനും വയ്യ. അതുകൊണ്ടുതന്നെ മലപ്പുറത്തെക്കെ ഇരു മുന്നണികളും ഷെഡ്യൂളിൽ അടിമുടി മാറ്റംവരുത്തി. റോഡ്ഷോകളും പൊതുപരിപാടികളും ഏറെക്കുറെ ഒഴിവാക്കി. കുടുംബയോഗങ്ങളിൽ ഊന്നിയാണ് പ്രചാരണം. ഓരോ ബൂത്ത് പരിധിയിലും അഞ്ച് മുതൽ പത്തുവരെ കുടുംബയോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. ഗൃഹസന്ദർശനത്തിലും ചെറുയോഗങ്ങളിലും ഫോൺ വഴിയുള്ള ആശയവിനിയമത്തിലുമാണ് കൂടുതൽ മുഴുകുന്നത്. ഓരോ നിയമസഭ മണ്ഡലങ്ങളിൽ ഒരു ദിവസം എന്ന കണക്കിലാണ് ഇപ്പോഴത്തെ പ്രചാരണ രീതി. മിക്ക പൊതുപരിപാടികളും ഇപ്പോൾ രാത്രിയിലാണ്. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് വിഷയമാക്കിയ സി.എ.എ വിരുദ്ധ റാലികൾ ഏതാണ്ട് എല്ലായിടത്തും രാത്രി ഒമ്പതിന് ശേഷമാണ്. യു.ഡി.എഫ് വനിത സംഗമങ്ങൾ ഉച്ചയ്ക്ക് 12ന് തീരുന്ന വിധമാണ്.Summer-HE
അത്യുഷ്ണം കൂടുതൽ രൂക്ഷമായ പാലക്കാട് ജില്ലയിൽ കടുത്ത നിയന്ത്രണത്തിലാണ് ഇരു മുന്നണികളുടേയും പ്രചാരണം. രാവിലെയും വൈകീട്ടും മാത്രമാണ് പരിപാടികൾ. തുറന്ന വാഹനത്തിലുള്ള റോഡ്ഷോകളും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.