വേനൽമഴ കനിഞ്ഞില്ല; ചൂട് 40 ഡിഗ്രിയിലേക്ക്
text_fieldsതിരുവനന്തപുരം: ശരീരത്തെ പുകച്ച് സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുന്നു. ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരിൽ രേഖപ്പെടുത്തി -39.6 ഡിഗ്രി സെൽഷ്യസ്. വേനൽമഴ കനിഞ്ഞില്ലെങ്കിൽ ഈ മാസം തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സാധാരണയിൽനിന്ന് 3.2 ഡിഗ്രി ചൂടാണ് പുനലൂരിൽ ഉയർന്നത്. പാലക്കാട്, കോട്ടയം ജില്ലകളിലും ചൂട് 38 കടന്നിട്ടുണ്ട്. പകലിന് സമാനം രാത്രിയിലും ചൂടേറി. എല്ലാ ജില്ലകളിലും പുലർച്ചെ അനുഭവപ്പെടുന്ന ചൂട് 25 ഡിഗ്രി പിന്നിട്ടു. ഇന്നലെ കൊച്ചി എയർപോർട്ട് മേഖലയിൽ രേഖപ്പെടുത്തിയത് 27 ഡിഗ്രിയാണ്.
കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാലു ഡിഗ്രിവരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വേനൽമഴ ലഭിക്കാത്തതിനാൽ കിണറുകളും ഡാമുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. മാർച്ച് ഒന്നുമുതൽ മാർച്ച് 17 വരെ 92 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18.1 മി.മീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ലഭിച്ചത് 1.4 മി.മീറ്റർ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.