പൗരത്വപ്രക്ഷോഭം: വട്ടിയൂർകാവ് മഹല്ല് ഭാരവാഹികൾക്ക് സമൻസ്
text_fieldsതിരുവനന്തപുരം: പൗരത്വപ്രക്ഷോഭത്തിന്‍റെ പേരിൽ വട്ടിയൂർകാവ് മുസ്ലിം ജമാഅത്ത് ഭാരവാഹികളടക്കം അഞ്ചുപേർക്ക് കോടതിയിൽ ഹാജരാകാൻ സമൻസ്. ബുധനാഴ്ച നെടുമങ്ങാട് കോടതിയിലാണ് ഹാജരാകേണ്ടത്. സ്ഥലം എം.എൽ.എയും ഇടതുപക്ഷാംഗവുമായ വി.കെ. പ്രശാന്ത് അടക്കം പങ്കെടുത്ത പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിനാണ് അന്നത്തെ മഹല്ല് ഭാരവാഹികൾക്ക് സമൻസ് ലഭിച്ചത്. പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ കേസ് പിൻവലിച്ചിരുന്നില്ല.
രാജ്യമാകെ പൗരത്വ പ്രക്ഷോഭം കത്തിയാളുന്നതിനിടെ 2020 ജനുവരി 19 നായിരുന്നു വട്ടിയൂർകാവ് ജമാഅത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി. നെട്ടയത്തുനിന്ന് വട്ടിയൂർകാവിലേക്ക് മാർച്ചും തുടർന്ന് വട്ടിയൂർകാവിൽ പ്രതിഷേധ സംഗമവുമായിരുന്നു നടന്നത്. പൊതുനിരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കും വിധത്തിൽ ജാഥയോ പ്രകടനമോ നടത്താൻ പാടില്ലെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ചു, നെട്ടയം ജങ്ഷനിൽ അന്യായമായി സംഘം ചേർന്നു, കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തി എന്നീ കുറ്റങ്ങളാണ് ഭാരവാഹികൾക്കുമേൽ ചുമത്തിയത്. അന്നത്തെ മഹല്ല് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയിലെ ഒരംഗം എന്നിവർക്കാണ് സമൻസ് ലഭിച്ചത്. പൊലീസ് കേസെടുത്ത കാര്യം ഭാരവാഹികൾ അറിഞ്ഞിരുന്നില്ല.
കോടതിയിൽനിന്ന് സമൻസെത്തിയ കാര്യം പൊലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചറിയിക്കുമ്പോഴാണ് ഇക്കാര്യം മഹല്ല് ഭാരവാഹികളും അറിയുന്നത്.
ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് 2021 ഫെബ്രുവരിയിലാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന നിസ്സാര കേസുകളിൽപോലും ഇതാണ് സ്ഥിതി. പൗരത്വ പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ അനുസരിച്ചേ നടപടി കൈക്കൊള്ളാനാകൂവെന്ന് കഴിഞ്ഞദിവസം കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
ഏക സിവിൽകോഡ് വിഷയത്തിൽ സമരത്തിനിറങ്ങുന്ന സി.പി.എം, ആത്മാർഥതയുണ്ടെങ്കിൽ ആദ്യം പൗരത്വപ്രക്ഷോഭ കാലത്ത് എടുത്ത കേസുകൾ പിൻവലിക്കണമെന്ന മുസ്ലിം ലീഗിന്‍റെ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
പൗരത്വപ്രക്ഷോഭ കേസുകളുടെ വിശദാംശങ്ങൾ 2022 ഡിസംബറിൽ നിയമസഭയിൽ സംസ്ഥാന സർക്കാർ വിശദീകരിച്ചിരുന്നു. ഇതു പ്രകാരം സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 835 കേസുകളിൽ 49 കേസുകൾ മാത്രമാണ് പിൻവലിച്ചത്.
159 കേസുകൾ രജിസ്റ്റർ ചെയ്ത കോഴിക്കോട് ഒരെണ്ണം പോലും പിൻവലിച്ചിട്ടില്ല. സംസ്ഥാനത്ത് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും കോഴിക്കോടാണ്. 39 കേസുള്ള തിരുവനന്തപുരത്ത് ഒരെണ്ണം മാത്രം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.