സുനന്ദയുടെ മരണം: സുബ്രഹ്മണ്യസ്വാമിയുടെ ഹരജിയിൽ ഡൽഹി പൊലീസിന് നോട്ടീസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ഹരജിയിൽ സുപ്രീംകോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന സ്വാമിയുടെ വാദം നേരത്തെ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത സ്വാമിക്ക് ഹരജി നൽകാൻ നിയമപ്രകാരം കഴിയുമോ എന്ന് പിന്നീട് പരിശോധിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് അറിയിച്ചു.
സുനന്ദയുടേത് കൊലപാതകമാണെന്ന് വ്യക്തമാണെന്നും അന്വേഷണത്തിൽ നിന്ന് രക്ഷനേടാൻ ശശി തരൂർ ബി.ജെ.പിക്കാരായ ചിലരിൽ നിന്നു തന്നെ സഹായം തേടിയിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ഹൈകോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.െഎ അന്വേഷിക്കുന്നതിൽ ഡൽഹി പൊലീസിന് പ്രശ്നമില്ല. എന്നാൽ, മൂന്നര വർഷമായി ഡൽഹി െപാലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ കേസിന്റെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തോടും പൊലീസിനോടും റിപ്പോർട്ട് ആവശ്യപ്പെടണമെന്നും സുബ്രഹ്മണ്യൻ സ്വാമി കോടതിയിൽ പറഞ്ഞിരുന്നു.
2017ലാണ് കേസിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി െപാതുതാൽപര്യ ഹരജി ഫയൽ െചയ്യുന്നത്. എന്നാൽ, ഹരജി ഡൽഹി ഹൈകോടതി തള്ളുകയായിരുന്നു. സ്വാമിയുടെ രാഷ്ട്രീയ നീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഹൈകോടതി, ‘രാഷ്ട്രീയതാൽപര്യ നിയമവ്യവഹാരത്തിന്റെ’ പാഠപുസ്തക ഉദാഹരണം എന്നു വിശേഷിപ്പിച്ചാണ് ഹരജി തള്ളിയത്. തുടർന്നാണ് ഇതേ വിഷയത്തിൽ സ്വാമി സുപ്രീംകോടതിയെ സമീപിച്ചത്.
2014 ജനുവരി 14ന് രാത്രിയിൽ സൗത്ത് ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിലാണ് സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.