സി.പി.ഐ നിലപാടിൽ തനിക്ക് വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റ് -മന്ത്രി സുനിൽകുമാർ
text_fieldsതൃശൂർ: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട സി.പി.ഐ നിലപാടിൽ തനിക്ക് വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. പാർട്ടി സെക്രട്ടറി വിശദീകരിച്ചതുതന്നെയാണ് തെൻറയും നിലപാട്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പാൻ ആരും ശ്രമിക്കരുതെന്ന് മന്ത്രി പറഞ്ഞു.
സാധാരണവും അസാധാരണവുമായ സംഭവങ്ങൾ രാഷ്ട്രീയത്തിൽ പതിവാണ്. സമാന്തര മന്ത്രിസഭ യോഗം ചേർന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പില്ല. അദ്ദേഹത്തിന് എന്തുവേണമെങ്കിലും പറയാം. യു.ഡി.എഫിെൻറ ഭരണകാലത്ത് സമാന്തര കാബിനറ്റ് ചേർന്നിട്ടുണ്ടാകാം. മുഖ്യമന്ത്രിയിലുള്ള സി.പി.െഎയുടെ വിശ്വാസത്തിൽ കോട്ടം തട്ടിയിട്ടില്ല. സി.പി.ഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ഇല്ലാതായിട്ടുമില്ല.
രണ്ട് പാർട്ടികൾക്ക് സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായമുണ്ടാകും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ട്. സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി സി.പി.ഐ കൊടുത്തിട്ടില്ല. അവർക്ക് പരസ്പരം തല്ലാൻ ധാരാളം വടിയുണ്ട്. വടി വാങ്ങാൻ ഒഴിഞ്ഞ കൈകൾ അവർക്കില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.