ഉത്കണ്ഠ വേണ്ട; സുനിത സുരക്ഷിതയായി തിരിച്ചെത്തും -സ്റ്റീവ് സ്മിത്ത്
text_fieldsകൊച്ചി: ബഹിരാകാശ പേടകത്തിലെ തകരാറുകൾമൂലം ഒരുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്)തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് സുരക്ഷിതയായി തിരിച്ചെത്തുമെന്ന് ‘നാസ’ മുന്‍ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് ലീ സ്മിത്ത്. യഥാർഥത്തിൽ ഭൂമിയിലെക്കാൾ ഒരു ആസ്ട്രനോട്ടിന് ബഹിരാകാശത്ത് കഴിയുന്നതാണ് ഇഷ്ടമുണ്ടാവുകയെന്നതിനാൽ സുനിത വില്യംസും മറ്റും ഈ വൈകൽ ആസ്വദിക്കുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടക്കുന്ന ജെൻ എ.ഐ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ സ്റ്റീവ് തന്‍റെ ബഹിരാകാശ യാത്രയിലെ അനുഭവങ്ങളും ‘എ.ഐ സാങ്കേതികവിദ്യയും ഭാവിയും’ തുടങ്ങിയ പല വിഷയങ്ങളിലെ വിലയിരുത്തലുകളും പങ്കുവെക്കുന്നു:
പലവട്ടം തള്ളി,ഒടുവിൽ നേടി
‘‘ഏഴാം വയസ്സുമുതൽ ബഹിരാകാശ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടുനടന്നു, 15ാം വയസ്സിൽ ആദ്യ അപേക്ഷ ആരോഗ്യകാരണങ്ങളാൽ നിരസിക്കപ്പെട്ടു. എന്നാൽ, പരാജയപ്പെടാൻ തയാറാവാതെ വീണ്ടും പരിശ്രമിച്ചുകൊണ്ടിരുന്നു. ഐ.ബി.എമ്മിൽ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യവേ കമ്പനിയുടെ സഹായത്തോടെ വീണ്ടും ശ്രമം നടത്തി, വിജയം കണ്ടു. നാസയിൽ പ്ലേലോഡ് ഓഫിസറായി തുടങ്ങി, നാലുതവണ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുകയും ഏഴുതവണ സ്പേസ് വാക്ക് (ബഹിരാകാശ നടത്തം) നടത്തുകയും ചെയ്തത് ഈ പരിശ്രമത്തിന്‍റെ ഫലമായാണ്.
അവിശ്വസീനയമായ, അത്ഭുതകരമായ ഒരു യാത്രയാണ് ബഹിരാകാശ സഞ്ചാരിയെന്ന നിലക്ക് എന്‍റെ ജീവിതം. ആദ്യമായി ബഹിരാകാശത്തെത്തിയപ്പോൾ വല്ലാത്തൊരു അനുഭവമായിരുന്നു. ഭൂമിയിലേക്ക് നോക്കുമ്പോൾ നീലമഹാസമുദ്രത്തിന് നടുവിലെ ഒറ്റദ്വീപ് പോലെയാണ് തോന്നുക’’ -അദ്ദേഹം പറഞ്ഞു.
നാസക്കുവേണ്ടി നാലുതവണയായി 16 ദശലക്ഷം മൈല്‍ ബഹിരാകാശത്ത് സഞ്ചരിച്ചു. ഹബിള്‍ ബഹിരാകാശ ടെലിസ്കോപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയാണ് ഏഴ് ബഹിരാകാശ നടത്തം നടത്തിയത്. ഇനിയും പോകാനാഗ്രഹമുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ സാധിക്കുമോയെന്ന സംശയവും അദ്ദേഹം പങ്കുവെക്കുന്നു.
എ.ഐ ജനനന്മക്കാവണം
ജെനറേറ്റിവ് എ.ഐ സമൂഹത്തിന്‍റെ സർവ മേഖലകളിലും പ്രയോഗിക്കുന്ന കാലമാണിത്. ഇതുപോലെത്തന്നെയാണ് ബഹിരാകാശ ഗവേഷണരംഗത്തും എ.ഐയുടെ സ്വാധീനം. സ്പേസ് റിസർച്ചിൽ കൂടുതൽ സാധ്യതകൾ എ.ഐ തുറന്നുവെക്കുന്നുണ്ട്. എന്നാൽ, മെഷീനോ റോബോട്ടോ മനുഷ്യന് പകരമാവില്ല. മനുഷ്യന്‍റെ ബുദ്ധിയും വിവേകവും അധ്വാനവുമെല്ലാം മനുഷ്യന്‍റെ മാത്രം മുതൽക്കൂട്ടാണ്. ഏറ്റവും മികച്ച, അഡ്വാൻസ്ഡായ മെഷീനാണ് മനുഷ്യൻ എന്നത്. സ്പേസ് ദൗത്യങ്ങൾ അത്യധികം അപകടകാരികളായതിനാൽ റോബോട്ടിക്സിന്‍റെയും കമ്പ്യൂട്ടറിന്‍റെയും പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് മാത്രം. കൂടുതൽ പര്യവേക്ഷണവും ഗവേഷണവും നടക്കേണ്ടതുണ്ട്.
ബഹിരാകാശ ടൂറിസം
ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ ഭാഗങ്ങളിലൊന്നാണ് സ്പേസ് ടൂറിസം, ഇതത്ര എളുപ്പവുമല്ല. വളരെയധികം തയാറെടുപ്പുകളെടുത്ത്, കോടിക്കണക്കിന് ഡോളർ ചെലവഴിച്ചാലേ കുറച്ചുനേരത്തേക്കെങ്കിലും സ്പേസിൽ പോകാനാവൂ. യഥാർഥത്തിൽ വലിയ ഗവേഷണ സാധ്യതകൾ ഈ മേഖലയിലുണ്ട്. എന്നാൽ, വലിയ മാധ്യമ പ്രാധാന്യം ലഭിക്കുന്നതിനാലാണ് ഇത് എടുത്തുകാട്ടപ്പെടുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് പത്തുവർഷത്തിനിടെ 1800 സ്വകാര്യ കമ്പനികൾ വന്നു. ഒട്ടനവധി സാറ്റലൈറ്റുകൾ സ്ഥാപിക്കപ്പെട്ടു.
ഭൂമിയാണ് സുന്ദരം
അന്യഗ്രഹങ്ങളിലെ മനുഷ്യവാസത്തെക്കുറിച്ച് ഇന്നും പര്യവേക്ഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, വ്യക്തിപരമായി ഭൂമിയാണ് ഏറ്റവും ജീവിക്കാൻ സുഖപ്രദമായ ഗ്രഹം. ചൊവ്വയാണ് ഏറ്റവും ദുർഘടമായത്. കാണാനും സുന്ദരമായത് ഭൂമിയാണ്. അന്യഗ്രഹ ജീവികളെകുറിച്ചും മറ്റും സൂചിപ്പിക്കുന്ന അൺഐഡൻറിഫൈഡ് ഫ്ലയിങ് ഒബ്ജക്ട് (യു.എഫ്.ഒ) എന്ന മേഖലയിലുൾപ്പെടെ എ.ഐ പഠനം വലിയ സാധ്യതകൾ തുറക്കുന്നു. വ്യക്തിപരമായി അന്യഗ്രഹ ജീവി എന്ന സങ്കൽപത്തിൽ തനിക്ക് വിശ്വാസമില്ല.
എ.ഐ കോൺക്ലേവിന് ചെയ്യാനുള്ളത്
കേരള സർക്കാർ ഇത്തരത്തിൽ ഭാവിയുടെ സാങ്കേതിക വിദ്യയെ ലോകത്തിന് പരിചയപ്പെടുത്താൻ നടത്തിയ എ.ഐ കോൺക്ലേവ് ഏറെ ശ്രദ്ധേയമായ ഇടപെടലാണ്. ജെൻ എ.ഐ ലോകത്ത് ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. കേരള മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഈ മേഖലയിലുള്ള അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണവും കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നു. എ.ഐയുമായി ബന്ധപ്പെട്ട ബിസിനസ് മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങളുണ്ടാക്കാൻ ഈ കോൺക്ലേവിലൂടെ സാധിക്കും. അതിനുള്ള പരിശ്രമങ്ങൾ കേരള സർക്കാർ നടപ്പാക്കേണ്ടതുണ്ട്. മാത്രമല്ല, നമ്മുടെ ചെറുപ്പക്കാർക്ക് കമ്പ്യൂട്ടറും മാത്സും ഫിസിക്സും എൻജിനീയറിങും ഉൾപ്പെടെ സാങ്കേതിക കാര്യങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം ആശയവിനിമയം, നേതൃഗുണം തുടങ്ങിയ സോഫ്റ്റ് സ്കില്ലും വളർത്തിയെടുക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.