മുക്കം ഉമർ ഫൈസിക്ക് താക്കീതുമായി സുന്നി ആദർശ വേദി
text_fieldsകോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പരസ്യ വിമർശനമുന്നയിച്ച സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്ക് താക്കീതുമായി സുന്നി ആദർശവേദി സംഗമം. സമസ്തയുടെ 100ാം വാർഷിക ആഘോഷങ്ങൾക്ക് ക്ഷീണം വരുത്താൻ കെ.ടി. ജലീലോ കെ.ടി. ജലീലിന്‍റെ അച്ചാരം വാങ്ങിയവരോ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ കരുതിയിരിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് കുട്ടിഹസൻ ദാരിമി മുന്നറിപ്പു നൽകി. ‘സുന്നി ആദർശ വേദി കേരള’യുടെ പേരിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറാളെ കാണുമ്പോഴേക്കും നിലംവിട്ടു ചാടുകയാണ്. ഇത് നിർത്തണമെന്നും ഉമർ ഫൈസിയുടെ പേര് പറയാതെ കുട്ടിഹസൻ ദാരിമി മുന്നിറിയിപ്പു നൽകി.
പാണക്കാട് കുടുംബവും സമസ്തയും ഒത്തൊരുമയോടെ നീങ്ങിയതുകൊണ്ടാണ് പള്ളി, മദ്റസകളും അറബിക് കോളജുകളും യതീംഖാനകളും ഉണ്ടായത്. പാണക്കാട് കുടുംബം പറയുന്നത് അനുസരിക്കണമെന്ന ബോധം മുസ്‍ലിംകൾക്കും അമുസ്‍ലിംകൾക്കുമുണ്ട്. അവരെ തളർത്താൻ ഒരു ശക്തിക്കും സാധ്യമല്ല. സമസ്തയും പാണക്കാട് കുടുംബവും ഒത്തൊരുമയോടെ മുന്നോട്ടു പോവണം. അതിനെതിരെ ആര് പറഞ്ഞാലും ഇതുവരെ ക്ഷമിച്ചുനിന്നതാണ്. ഇപ്പോൾ കളിച്ച് തലയുടെ മുകളിൽ കയറിയിട്ടുണ്ട്. പാണക്കാട്ടെ കുട്ടികളെ തൊട്ടുകളിച്ചാൽ തീക്കളി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂക്കോയ തങ്ങൾക്ക് സനദൊന്നും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, അദ്ദേഹം മുശാവറ അംഗമായിരുന്നുവെന്നും ദാരിമി വ്യക്തമാക്കി.
പാണക്കാട് കുടുംബത്തിനെതിരെ ആരോപണം ഉയർത്തിയപ്പോൾ പാടില്ലെന്ന് പറയാൻ എന്തുകൊണ്ടാണ് സമസത മുശാവറക്ക് സാധിക്കാതെപോയതെന്ന് മുസ്‍ലിം ലീഗ് ജില്ല ആക്ടിങ് പ്രസിഡന്‍റ് കെ.എ. ഖാദർ ചോദിച്ചു. ഇതിന് അറുതിവരുത്തണം. ഓരോരുത്തർക്കും നൽകേണ്ട ബഹുമാനം നൽകണം. പക്ഷേ, പരിധി വിടുമ്പോൾ ഉത്തരവാദപ്പെട്ടവർ നിയന്ത്രിക്കണം. സിറ്റി എസ്.എം.എഫ് പ്രസിഡന്‍റ് ഹംസ ബാഫഖി തങ്ങൾ, അബൂബക്കർ ഫൈസി വള്ളിക്കാപ്പറ്റ, അബ്ദുൽ ഗഫൂർ ഫൈസി കാട്ടുമുണ്ട, ജാബിർ ഹുദവി തൃക്കരിപ്പൂർ, ഫാരിസ് മംനൂൻ ഫൈസി ലക്ഷദ്വീപ്, മുഹമ്മദ് നൂർ ഫൈസി, സി.എച്ച്. മഹമൂദ് സഅ്ദി, അഹമ്മദ് കുട്ടി ഉണ്ണികുളം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.