ശിഥിലീകരണ ശക്തികള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സുന്നി നേതാക്കള്‍
text_fieldsകോഴിക്കോട്: സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക സമത്വവും സാമുദായിക ഐക്യവും തകര്‍ത്ത് ശൈഥില്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ സമൂഹം തിരിച്ചറിയണമെന്നും അത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സുന്നി നേതാക്കള്‍. സമസ്തയുടെ ആദരണീയ അധ്യക്ഷന്‍ മുതല്‍ സമസ്തയുടെ തീരുമാനങ്ങളുടെ കൂടെ നില്‍ക്കുന്ന ഓരോരുത്തരേയും ഭ്രഷ്ട് കൽപിക്കാൻ ചില കേന്ദ്രങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് വലിയ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചു വരുത്തുകയാണെന്നും സുന്നി നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ അടിയന്തര നടപടി സ്വീകരിക്കണം. കേരളീയ സമൂഹം ആദരിച്ചു വരുന്ന പാണക്കാട് കുടുംബത്തിലെ അംഗത്തിനെതിരേയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. സമസ്തയ്ക്കു കരുത്തായി നിലകൊള്ളുന്നവര്‍ക്കെതിരേ ഭീഷണി മുഴക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഗൂഢശക്തികളെ തിരിച്ചറിയണം.
മഹല്ല്, മദ്‌റസാ തലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുണ്ടാക്കിയും നടത്തുന്ന ഹീനനീക്കങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല. സമസ്തയുടെയും പോഷക ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി മുന്നില്‍നിര്‍ത്തി മുന്നോട്ടു പോവുകയും ചെയ്യണമെന്നും
സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ എ.എം പരീത്, വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയാക്കോട് എന്നിവര്‍ പ്രസ്താവനയില്‍ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.