മുസ്തഫൽ ഫൈസിയെ തിരിച്ചെടുക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ; നടപടി പിൻവലിച്ചേക്കും
text_fieldsമലപ്പുറം: നേതൃത്വത്തിനെതിരെ പരസ്യവിമർശനം നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട മുശാവറ അംഗം മുസ്തഫൽ ഫൈസിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷൻ സമസ്ത മുശാവറക്ക് കത്ത് നൽകി. വിശദീകരണംപോലും തേടാതെ സസ്പെൻഡ് ചെയ്തത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. സമസ്തയിൽ മുസ്ലിം ലീഗിനെ ശക്തമായി അനുകൂലിക്കുന്ന മുസ്തഫൽ ഫൈസിക്കെതിരായ നടപടി സംഘടനക്കുള്ളിൽ ചേരിപ്പോര് രൂക്ഷമാക്കുന്നതിനിടെയാണ് സുന്നി മഹല്ല് ഫെഡറേഷന്റെ കത്ത്. മുസ്തഫൽ ഫൈസിക്കെതിരായ നടപടി മയപ്പെടുത്തുകയോ പിൻവലിക്കുകയോ ചെയ്യുമെന്നാണ് നേതൃത്വം നൽകുന്ന സൂചന.
പാണക്കാട് സാദിഖലി തങ്ങൾ ഈ മാസം 19ന് വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ ഉമ്മർ മുസ്ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന നവോത്ഥാനസമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങളും ഒളിയമ്പുകളുമാണ് മുസ്തഫൽ ഫൈസി വിഷയത്തിൽ നേതൃത്വത്തിനെതിരെ ഉയരുന്നത്. സമസ്തയിൽ രൂപപ്പെട്ട ലീഗ് അനുകൂല, പ്രതികൂല ചേരികൾ തമ്മിലെ പോര് കനക്കാനും ഇത് കാരണമായി.മലപ്പുറത്ത് നടന്ന എസ്.എം.എഫ് നവോത്ഥാന സമ്മേളനത്തിൽ മുസ്തഫൽ ഫൈസി നടത്തിയ വിമർശനമാണ് പുറത്താക്കലിനിടയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.