സുന്നി െഎക്യത്തിന് തയാറെന്ന് സമസ്ത കാന്തപുരം മുശാവറയും
text_fieldsകോഴിക്കോട്: സുന്നികളുടെ ഐക്യത്തിന് തയാറാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ (കാന്തപുരം വിഭാഗം) മുശാവറയും. കഴിഞ്ഞദിവസം ചേർന്ന സമസ്ത ഒൗദ്യോഗിക വിഭാഗം മുശാവറയും െഎക്യനിർദേശത്തെ സ്വാഗതം ചെയ്തിരുന്നു. സുന്നികൾ തമ്മിലുള്ള ഐക്യം സംബന്ധിച്ച കാര്യങ്ങൾക്കായി നാലംഗ സമിതിയെ ഇരുമുശാവറകളും ചുമതലപ്പെടുത്തി. ബഹാവുദ്ദീൻ നദ്വി കൂരിയാട്, ഹമീദ് ഫൈസി അമ്പലക്കടവ്, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, മുക്കം ഉമർ ഫൈസി എന്നിവരാണ് സമസ്ത ഒൗദ്യോഗിക വിഭാഗം സമിതിയംഗങ്ങൾ. വണ്ടൂർ അബ്ദുറഹിമാൻ ഫൈസി, ഹുസൈൻ സഖാഫി ചുള്ളിയോട് തുടങ്ങിയ നാലുപേരാണ് കാന്തപുരം വിഭാഗം സമിതിയിലുള്ളത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ഇ.എൻ. അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് െഎക്യാഹ്വാനവുമായി ഇരുവിഭാഗത്തെയും സമീപിച്ചിരിക്കുന്നത്.
വിശ്വാസപരമായി യോജിപ്പുള്ള മുഴുവൻ വിശ്വാസികളും യോജിച്ചു പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ശനിയാഴ്ച ചേർന്ന കാന്തപുരം മുശാവറ വിലയിരുത്തി. മത നവീകരണ ചിന്താധാരകൾ യുവാക്കളെ തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സ്ഥിതി വേദനാജനകമാണ്. മതപരമായ കാര്യങ്ങളിൽ മതത്തെക്കുറിച്ച് വിവരമില്ലാത്തവരും രാഷ്ട്രീയക്കാരും അനാവശ്യ ഇടപെടലുകൾ നടത്തുന്നത് ആശാസ്യമല്ല.
ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസി സമൂഹം ഒന്നിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണ്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്നും ഭരണഘടന അനുവദിച്ചുനൽകിയ സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരെയുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കുമെന്നും കാന്തപുരം വിഭാഗം മുശാവറ വ്യക്തമാക്കി. പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്്ദുൽഖാദർ മുസ്ലിയാർ, ഇബ്റാഹീം ഖലീലുൽ ബുഖാരി, ളിയാഉൽ മുസ്തഫ മാട്ടൂൽ, കെ.പി. മുഹമ്മദ് മുസ്ലിയാർ കൊപ്പം എന്നിവർ സംസാരിച്ചു. എ.പി. മുഹമ്മദ് മുസ്ലിയാർ കാന്തപുരം സ്വാഗതവും പേരോട് അബ്്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.