സൂര്യകളങ്കങ്ങൾ കൂടുന്നു; ആശങ്കകളും
text_fieldsകോഴിക്കോട്: ഒരാഴ്ചക്കകം പ്രത്യക്ഷപ്പെട്ടത് ഭീമൻ സൂര്യകളങ്കങ്ങൾ. രണ്ടു ദശകങ്ങളിലെ ഏറ്റവും കൂടിയ എണ്ണത്തിലേക്ക് സൂര്യകളങ്കങ്ങൾ നീങ്ങുമ്പോൾ ഭൂമിയേക്കാൾ വലിപ്പം കൂടിയ നാലോ അഞ്ചോ കളങ്കങ്ങൾ ഈ ആഴ്ചയോടെതന്നെ പ്രത്യക്ഷപ്പെട്ടു. ഇവയിൽ പലതും വെറും കണ്ണുകൊണ്ടുതന്നെ കാണത്തക്ക വലുപ്പമുള്ളതാണെങ്കിലും അംഗീകൃത സൗരഫിൽട്ടറുകൾ ഇല്ലാതെ സൂര്യനെ നോക്കുന്നത് അപകടമാണ്. സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും സമീപ പ്രദേശത്തേക്കാൾ ചൂടു കുറഞ്ഞതുമായ മേഖലകളാണ് സൗരകളങ്കങ്ങളായി അറിയപ്പെടുന്നത്. ഇവ സൗര പ്ലാസ്മയിലെ കാന്തമണ്ഡലച്ചുഴികളാണെന്നാണ് വിലയിരുത്തൽ. ഇവയിൽനിന്ന് പുറത്തേക്ക് തെറിക്കുന്ന സൗരജ്വാലകളിൽ ധാരാളം ചാർജിത കണങ്ങൾ ഉണ്ടാവും, ഒപ്പം ശക്തമായ മറ്റു വികിരണങ്ങളും. ഇവ കൊടുങ്കാറ്റുപോലെ സൗരയൂഥത്തിന്റെ സകലഭാഗത്തേക്കും കുതിക്കും.
ഭൂമിക്ക് നേരെ വരുമ്പോൾ ഒരു പരിധിവരെ ഭൗമകാന്തമണ്ഡലം ഇതിനെ തടയും. ധ്രുവ പ്രദേശങ്ങളിലെ ആകാശത്ത് ചില കാലങ്ങളിൽ കാണുന്ന വർണമനോഹരമായ ധ്രുവദീപ്തികൾ (അറോറ) ഇവയുടെ പ്രവർത്തന ഫലമാണ്. ഭൂമിയെച്ചുറ്റുന്ന നൂറുകണക്കിന് കൃത്രിമോപഗ്രഹങ്ങളുടെ പ്രവർത്തനം തകരാറിലാക്കാൻ ഈ ചാർജിത കണങ്ങൾക്ക് കഴിയും. കൂടാതെ ഭൂമിയിലെ വൈദ്യുതലൈനുകളിൽ ഇവ അപകടം വരുത്താറുണ്ട്. ഭൗമകാലാവസ്ഥയെ സൗരകളങ്കങ്ങൾ എങ്ങനെ സ്വാധീനിക്കും എന്ന കാര്യം ശാസ്ത്രലോകം പഠിച്ചു വരുന്നേയുള്ളൂ. ഇന്ത്യയുടെ ബഹിരാകാശ പേടകമായ ആദിത്യ സൂര്യകളങ്കങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. ഗലീലിയോയുടെ കാലം മുതലാണ് സൂര്യകളങ്കങ്ങളെ ടെലസ്കോപ്പിലൂടെ നിരീക്ഷിക്കാൻ തുടങ്ങിയത്.
പ്രഭാമണ്ഡലത്തിൽ ചിതറിക്കിടക്കുന്ന സൂര്യകളങ്കങ്ങളുടെ സാന്നിധ്യം സ്ഥിരമല്ലെന്നും എണ്ണത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ടെന്നും അമേച്വർ വാനനിരീക്ഷകനും കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. 11 വർഷത്തിലൊരിക്കൽ സൂര്യകളങ്കങ്ങളുടെ എണ്ണം പരമാവധിയാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കാണുന്ന എ.ആർ 3590 (ആക്ടിവ് റീജ്യൻ) കളങ്കത്തിന് ഭൂമിയുടെ അനേകമടങ്ങ് വലുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.