ആദ്യ ഭർത്താവ് മരിക്കുമെന്ന് അന്ധവിശ്വാസം; ജ്യൂസിൽ പലതവണ വിഷംകലർത്തി നൽകി
text_fieldsആദ്യം വിവാഹം കഴിക്കുന്നയാൾ മരണപ്പെടും എന്ന അന്ധവിശ്വാസമാണ് തന്റെ മകന്റെ ജീവൻ കവരാൻ കാമുകിയായ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് കൊല്ലപ്പെട്ട ഷാരോൺ രാജിന്റെ അമ്മ. അതേസമയം, കാമുകി ഗ്രീഷ്മ പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എ.ഡി.ജി.പി എം. ആര്‍ അജിത് കുമാർ ഉടന്‍ റൂറൽ എസ്. പി ഓഫീസിലെത്തും.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതക്ക് കാരണം എന്നാണ് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്സാപ്പ് ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത. വീട്ടിൽ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളിൽ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരിൽ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
അന്നും അസാധാരണമായി ഷാരോൺ ഛര്‍ദ്ദിച്ചിരുന്നു. അതിന് ശേഷമാണ് പെൺകുട്ടി വീട്ടിൽവച്ച് കഷായവും ജ്യൂസും നൽകിയിരിക്കുന്നത്. എന്നാൽ മജിസ്ട്രേറ്റിന് ഷാരോൺ നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ഷാരോണിന് നൽകിയ കഷായത്തിന്‍റെ പേര് ആദ്യം മറച്ചുവച്ചതിലും പിന്നീട് ലേബൽ കീറി കുപ്പി കഴുകി വൃത്തിയാക്കിയെന്ന് സന്ദേശം അയച്ചതിലും കുടുംബം ദുരൂഹത സംശയിക്കുന്നു. ആന്തരികാവയവങ്ങളുടെ വിശദമായ രാസപരിശോധനാ ഫലം വന്നാലെ മരണകാരണം വ്യക്തമാകു എന്നാണ് ഡോക്ടർമാരും പൊലീസും പറയുന്നത്. എം.എ രണ്ടാംവർഷ വിദ്യാർഥിനിയാണ് ഗ്രീഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.