സാക്ഷരകേരളത്തിലെ അന്ധവിശ്വാസങ്ങൾ ഞെട്ടിപ്പിക്കുന്നത് - വനിതാ കമീഷൻ അധ്യക്ഷ
text_fieldsകുഴിക്കാല: സാക്ഷര സുന്ദരം എന്ന നാം അഭിമാനിക്കുന്ന കേരളത്തിൽ ഇത്രത്തോളം അന്ധവിശ്വാസം ജനങ്ങളുടെ ഇടയിൽ ഉണ്ട് എന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി.
പത്തനംതിട്ടയിൽ നരബലി നടന്ന കുഴിക്കാലയിലെ വീട്ടിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരന്നു അവർ.
ഈ പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്നവരിലാണ് കേസ് എത്തി നിൽക്കുന്നത്. മൃതദേഹം കണ്ടെത്തിയ ശേഷം മാത്രമേ കൂടുതൽ വലിവരം ലഭ്യമാകൂ. എന്നാലും അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ട് ഇത്രത്തോളം ക്രൂരകൃത്യങ്ങൾ നടക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ട വിഷയാമണ്.
സാക്ഷരതയുണ്ടായിട്ടും വിദ്യാസമ്പന്നരുടെ ഇടയിൽ പോലും ഇത്തരം അബദ്ധ ജടിലമായ കാര്യങ്ങളാണ് നടപ്പാകുന്നത്. യുക്തി ചിന്തയും ശാസ്ത്ര ചിന്തയുമൊന്നും മനുഷ്യമനസിന്റെ തലയിലേക്ക് കയറിയിട്ടില്ല. ശാസ്ത്രബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും അത് നടപ്പിലാക്കാനുമുള്ള സമഗ്രമായ ഇടപെടൽ ആവശ്യമാണ് എന്നതിലേക്കാണ് ഇത്തരം പ്രവർത്തികൾ കൈചൂണ്ടുന്നത്.
സ്ത്രീകളെ ഇത്തരം ക്രൂരകൃത്യങ്ങൾക്ക് ഇരയാക്കുന്നു. സ്ത്രീകൾ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് എളുപ്പം വശംവദരാകാൻ തയറാകുന്നു എന്നതിനാലാണ് ഇത്തരം ഏജന്റുമാർ കേരളത്തിൽ പ്രവർത്തിക്കുന്നത്.
സ്ത്രീകളുടെ ഇടയിൽ നല്ല ബോധവത്കരണം ആവശ്യമാണ്. വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും ഇത്തരം പ്രചാരണങ്ങളിൽ വീണു പോകുന്നുവെന്നതും കാണണം. വനിതാ കമീഷൻ അത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ കൂടി നടപ്പാക്കുമെന്നും സതീദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.