അന്നംമുട്ടിക്കുന്ന വിതരണം; ക്രമക്കേടുകളുടെ വിളനിലമായി സപ്ലൈകോ
text_fieldsസംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിർത്തുന്നതിനാണ് സപ്ലൈകോ വിൽപനശാലകൾ സർക്കാർ തുടങ്ങിയത്. പൊതുവിപണിയെക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം സബ്സിഡി സാധനങ്ങൾ സപ്ലൈകോ വിൽപനശാലയിലൂടെ വിതരണം ചെയ്യുന്നുണ്ട്.
എന്നാൽ, വേലിതന്നെ വിളവ് തിന്നുവെന്ന പ്രയോഗം പോലെയാണ് ഇവിടെ കാര്യങ്ങൾ. ധനകാര്യ പരിശോധക സംഘം ജില്ലയിലെ ഡിപ്പോകളായ കൊച്ചി, വടക്കൻ പറവൂർ, എറണാകുളം, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ക്രമക്കേടുകളുടെ നീണ്ട പട്ടികയാണ്. ഇതേക്കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണം.
കൊച്ചി: രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തിൽ സംസ്ഥാനത്തെ പൊതുവിതരണ രംഗം കാര്യക്ഷമവും സുതാര്യവുമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചത്. എന്നാൽ, ജില്ലയിൽ ധനകാര്യ വിഭാഗം സപ്ലൈകോ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന ചിത്രമാണ്. ദേശീയ ഭക്ഷ്യ ഭദ്രത നിയമം (എൻ.എഫ്.എസ്.എ) നടപ്പാക്കുന്നതിെൻറ ഭാഗമായി സപ്ലൈകോ സർക്കാറിലേക്ക് അടക്കാനുള്ള തുക കണക്കാക്കുന്നതിനായി ധനകാര്യ അഡീഷനൽ സെക്രട്ടറി 2020 മാർച്ച് ആറിന് കത്തെഴുതിയതിനെ തുടർന്നായിരുന്നു പരിശോധന.
ഇതിെൻറ അടിസ്ഥാനത്തിൽ മാർച്ച് ഏഴിന് സപ്ലൈകോയുടെ മുഖ്യകാര്യാലയത്തിൽ പരിശോധന തുടങ്ങി. തുടർന്ന് സ്ക്വാഡ് എറണാകുളം കാര്യലയത്തിലും എറണാകുളം, കൊച്ചി, വടക്കാൻ പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിപ്പോകളിലും പരിശോധന നടത്തി. സർക്കാറിന് സമർപ്പിച്ച് റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അക്കമിട്ട് നിരത്തുന്നു.
ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടക്കുന്ന സ്വകാര്യ ഗോഡൗണുകൾ
സപ്ലൈകോയുടെ കൊച്ചി ഡിപ്പോയിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം വ്യക്തമാകും. കൊച്ചി താലൂക്ക് സപ്ലൈ ഓഫിസറുടെ പരിധിയിലെ 89 ന്യായവില ഷോപ്പുകളിലേക്കും കൊച്ചി സിറ്റി റേഷനിങ് ഇൻസ്പെക്ടറുടെ പരിധിയിെല 114 ന്യായവില ഷോപ്പുകളിലേക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ഈ ഡിപ്പോയിൽനിന്നാണ്. മട്ടാഞ്ചേരി ചുള്ളിക്കലിലെ കല്ല് ഗോഡൗൺ, സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ നോർത്ത് പറവൂരിലെ ഗോഡൗണൻ, നാല് സ്വകാര്യ ഗോഡൗണുകൾ എന്നിവയാണ് കൊച്ചി ഡിപ്പോ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഇതിൽ സ്വകാര്യ ഗോഡൗണുകളിൽ വളരെയധികം ഭക്ഷ്യധാന്യങ്ങൾ മാസങ്ങളായി കെട്ടിക്കിടക്കുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. മാസവാടകയായി നോർത്ത് പറവൂർ - 1.60 ലക്ഷം, മാടവന ഗോഡൗൺ (ഒന്ന്) -3.12 ലക്ഷം, മാടവന ഗോഡൗൺ (രണ്ട്) -ഒരു ലക്ഷം, മാടവന ഗോഡൗൺ (മൂന്ന്) -1.70 ലക്ഷം, കുമ്പളം ഗോഡൗൺ -2.16 ലക്ഷം എന്നിങ്ങനെ ആകെ 9.58 ലക്ഷം സ്വകാര്യ ഗോഡൗണുകൾക്ക് നൽകുന്നുണ്ട്. ഇത്ര ചെലവഴിച്ചിട്ടും ഭക്ഷ്യധാന്യങ്ങൾ മെച്ചപ്പെട്ട നിലയിൽ സുരക്ഷിതമായി സംഭരിക്കാൻ കഴിയുന്നുമില്ല.
സ്വകാര്യ ഗോഡൗണുകൾ അശാസ്ത്രീയമായി ഉപയോഗിക്കുന്നതിലൂടെ വലിയ പാഴ്ചെലവ് ഉണ്ടാകുന്നതായി പരിശോധനയിൽ കണ്ടെത്തി. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ കൃത്യമായി വിതരണം നടത്തിയാൽ, വാടകയിനത്തിലെ അധിക ചെലവ് കുറക്കാൻ കഴിയും. അതേസമയം, തന്നെ വകുപ്പിന് കീഴിലെ കൊച്ചി കല്ല് ഗോഡൗൺ പൂർണമായ രൂപത്തിൽ ഉപയോഗപ്പെടുത്തിയിട്ടുമില്ല. ഇവിടെ എൻ.എഫ്.എസ്.എ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുന്നതിന് കൂടുതൽ സ്ഥലം അനുവദിക്കാനാവും. ബ്രിട്ടീഷുകാർ നിർമിച്ച ഈ ഗോഡൗണിന് ശക്തമായ ഘടനയാണുള്ളത്. ഇത് ഉപയോഗപ്പെടുത്തിയാൽ സ്വകാര്യ ഗോഡൗണുകൾ പൂർണമായും ഒഴിവാക്കാം. ശാസ്ത്രീയ ചരക്കുനീക്കം ഉറപ്പാക്കിയാൽ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടക്കുകയുമില്ല.
വാതിൽപടി വിതരണം സപ്ലൈകോ മേൽനോട്ടത്തിൽ
2016 ആഗസ്റ്റ് 29ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ റേഷൻ വിതരണത്തിൽനിന്ന് സ്വകാര്യ മൊത്തവിതരണക്കാരെ പൂർണമായും ഒഴിവാക്കി. വാതിൽപടി വിതരണത്തിന് സപ്ലൈകോയെ ചുമതലപ്പെടുത്തി. 2017 മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ അലോട്ട്മെൻറ് പ്രകാരമുള്ള ഭക്ഷ്യധാന്യ വിഹിതവും (എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന്) നെല്ലുസംഭരണം വഴി ഓരോ മാസവും ലഭ്യമാകുന്ന കുത്തരിയുടെ വിഹിതവും സപ്ലൈകോയുടെ കീഴിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സംഭരിച്ചു. അവിടെ നിന്ന് ന്യായവില ഷോപ്പുകൾ വരെയുള്ള ചരക്കുനീക്കം (വാതിൽപടി വിതരണം), ഇ-പോസ് മെഷീൻ ഉപയോഗിച്ചുള്ള റേഷൻ ഡിപ്പോകളുടെ പ്രവർത്തനം, ഇവയുടെ മേൽനോട്ടവും കണക്കുസൂക്ഷിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർണമായും സപ്ലൈകോയുടെ ചുമതലയിലായി.
തുടർഭാഗങ്ങൾ വായിക്കാൻ:
ഭാഗം രണ്ട്: ഇവിടെ കടമേ പറയൂ...,സപ്ലൈകോ അടക്കാനുള്ളത് 201.54 കോടി
ഭാഗം മൂന്ന്: കണ്ണിൽ പൊടിയിടുന്ന കണക്കുകൾ: 318 തസ്തികക്ക് 349 പേർ ജോലി ചെയ്യുന്നു
ഭാഗം നാല്: സപ്ലൈകോ പാഴ്ചെലവുകൾക്ക് പരിഹാരമുണ്ടാവുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.