സൈപ്ല കോഡ് ഭേദഗതി; രേഖകളില്ലാത്ത താമസക്കാർക്ക് വൈദ്യുതി കണക്ഷൻ ലഭിക്കില്ല
text_fieldsപാലക്കാട്: സൈപ്ല കോഡ് 2014 അഞ്ചാം ഭേദഗതി കരട് രേഖ നിയമമാകുന്നതോടെ ഔദ്യോഗിക രേഖകളില്ലാത്ത താമസക്കാർക്ക് വൈദ്യുതി കണക്ഷനും ലഭ്യമല്ലാതായേക്കും. നിലവിൽ ചെറിയ വീടുണ്ടാക്കി താമസിക്കുന്ന പുറമ്പോക്കിലുള്ളവർക്കും ഭൂരേഖകൾ നഷ്ടമായവർക്കും കൂട്ടുസ്വത്ത് ഭാഗം വെക്കാത്തവർക്കും വൈദ്യുതി കണക്ഷൻ നൽകിയിരുന്നു.
സമ്പൂർണ വൈദ്യുതീകരണത്തിന്റെ പേരിലും മറ്റുമാണ് ഇത് നൽകിയിരുന്നത്. എന്നാൽ, കരട് ഭേദഗതിയിൽ പുതിയ കണക്ഷനുള്ള രേഖയിൽ ‘താമസക്കാരൻ ’ (ഒക്യുപയർ) എന്നതിന് പകരം ‘നിയമപരമായ താമസക്കാരൻ’ (ലോ ഫുൾ ഒക്യുപയർ) എന്നാക്കി മാറ്റി. കരട് രേഖയിലെ 2(6) ലാണ് നിർവചനത്തിലെ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. 100 ചതുരശ്ര മീറ്ററിന് താഴെ വിസ്തൃതിയുള്ള വീടുകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കാതെ തന്നെ കണക്ഷൻ കൊടുക്കാൻ സഹായകമായ റഗുലേഷൻ 75(10)2 നീക്കം ചെയ്തതിലും ആശങ്കയുയരുന്നുണ്ട്.
ഈ ചട്ടം ഇല്ലാതാകുന്നതോടെ പുറമ്പോക്കിൽ താമസിക്കുന്നവർക്കും ഏതെങ്കിലും കാരണത്താൽ ഉടമസ്ഥത തെളിയിക്കാൻ ആവശ്യമായ രേഖകളില്ലാത്തവർക്കും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാതാകും. കരട് ഭേദഗതി നിയമമായാൽ നിയമപരമായി ഭൂമി കൈവശം വെക്കുന്നവർക്ക് മാത്രമായി വൈദ്യുതി പരിമിതപ്പെടാനും ഉടമസ്ഥാവകാശം തെളിയിക്കാൻ പറ്റാത്തവർക്ക് കണക്ഷൻ നിഷേധിക്കപ്പെടുകയും ചെയ്യും.
കണക്ഷൻ ചാർജുകൾ കിലോവാട്ട് അടിസ്ഥാനത്തിൽ നിശ്ചയിക്കുക, കുടിൽ വ്യവസായങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ വൈദ്യുതി എടുക്കാൻ പറ്റുക, പുതിയ കണക്ഷൻ നൽകാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക, കണക്ഷൻ നൽകാനുള്ള സമയപരിധി കുറക്കുക തുടങ്ങി പ്രധാന പല ഭേദഗതികളും കരട് ചട്ടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം ഭേദഗതികൾ വൈദ്യുതി മേഖലക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഉടമസ്ഥാവകാശം തെളിയിക്കാതെ തന്നെ ചെറിയ വീടുകൾക്ക് കണക്ഷൻ നൽകാൻ പറ്റുന്ന ചട്ടം ഒഴിവാക്കിയതിൽ പ്രതിഷേധവുമുയരുന്നുണ്ട്. ചൊവ്വാഴ്ചയാണ് കേരള ഇലക്ട്രിസിറ്റി സൈപ്ല കോഡ് 2014 പൊതുതെളിവെടുപ്പ് തിരുവനന്തപുരത്ത് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.