വിലക്കയറ്റം രൂക്ഷം; കൈയൊഴിഞ്ഞ് സപ്ലൈകോയും
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായി തുടരുമ്പോൾ ജനങ്ങളെ കൈവിട്ട് സപ്ലൈകോയും. മിതമായ വിലക്ക് സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡുമായി മാവേലി സ്റ്റോറുകളിലും മറ്റ് സപ്ലൈകോ ഔട്ട്ലെറ്റുകളിലും എത്തുന്നവർ സാധനങ്ങൾ കിട്ടാതെ നിരാശരായി മടങ്ങുകയാണ്. 13 സബ്സിഡി ഇനങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് നിലവിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സ്റ്റോക്കുള്ളത്. അരി, വെളിച്ചെണ്ണ, ചെറുപയർ, കടല, മല്ലി എന്നിവയാണ് ലഭ്യമായത്. മറ്റ് സബ്സിഡി ഇനങ്ങളുടെ തട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചസാര, പരിപ്പ്, പച്ചരി, ഉഴുന്ന്, വൻപയർ, മുളക്, മട്ട അരി, ജയ അരി എന്നിവയുടെ സ്റ്റോക്ക് തീർന്നിട്ട് മാസം കഴിഞ്ഞു. ഗോഡൗണുകളിലും സാധനങ്ങൾ സ്റ്റോക്കില്ല. ഇതുകാരണം മാവേലി സ്റ്റോറുകളിൽ തിരക്കും കുറഞ്ഞു.
ഓണം കഴിഞ്ഞതിനുശേഷം കച്ചവടം തീരെ കുറവാണെന്ന് കോഴിക്കോട് സപ്ലൈകോ ഔട്ട്ലെറ്റിലെ ജീവനക്കാർ പറയുന്നു. സബ്സിഡി ഇതര ഇനങ്ങളുടെ സ്റ്റോക്കിന് കുറവൊന്നുമില്ല. സബ്സിഡി ഇനങ്ങൾ കുറവായതിനാൽ മറ്റിനങ്ങളും വാങ്ങാൻ ആളുകൾ എത്തുന്നില്ല. സബ്സിഡി ഇനങ്ങൾ എന്ന് എത്തുമെന്ന് പറയാൻ കോഴിക്കോട് ഡിപ്പോ അധികൃതർക്കും കഴിയാത്ത അവസ്ഥയാണ്. പൊതു വിപണയിൽ വില കുതിച്ചുയരുമ്പോൾ കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
കൈപൊള്ളി വലിയ ഉള്ളി
കോഴിക്കോട്: ഒരു ഇടവേളക്കുശേഷം വലിയ ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടെ ഉള്ളിവില വൻതോതിൽ ഉയർന്നു. വ്യാഴാഴ്ച കോഴിക്കോട്ടെ മൊത്ത വിപണന കേന്ദ്രങ്ങളായ പാളയം, വലിയങ്ങാടി എന്നിവിടങ്ങളിൽ ഒരു കിലോ വലിയ ഉള്ളിക്ക് 60 മുതൽ 63 വരെയാണ് വില. ഇത് ഗ്രാമങ്ങളിലെ ചില്ലറ വിപണിയിലെത്തുമ്പോൾ 70 വരെയാണ്. ഒരാഴ്ചക്കിടെ 22 രൂപയോളമാണ് ഉള്ളിവില വർധിച്ചത്. മഹാരാഷ്ട്രയിൽനിന്നാണ് നിലവിൽ കേരളത്തിലേക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. മഹാരാഷ്ട്രയിൽ സ്റ്റോക്ക് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വലിയങ്ങാടിയിലെ വ്യാപാരികൾ പറഞ്ഞു. വരും ദിവസങ്ങളിലും വില കൂടാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത വിളവെടുപ്പ് സീസൺ വരെ വിപണിയിൽ വലിയ ഉള്ളി വില ഉയർന്നുനിൽക്കാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു.
വിലവിവരം
സാധനങ്ങൾ | മാർക്കറ്റ് വില | സപ്ലൈകോ വില |
പഞ്ചസാര | 42 | 22 |
അരി | 45-48 | 25 |
വെളിച്ചെണ്ണ | 160 | 128 |
പരിപ്പ് | 180 | 65 |
ചെറുപയർ | 140- 160 | 74 |
വൻപയർ | 120 | 45 |
ഉഴുന്ന് | 120 | 66 |
കടല | 130 | 43 |
മുളക് | 260 | 75 |
മല്ലി | 105 | 79 |
മട്ട അരി | 48 | 24 |
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.