കിണർവെള്ളം ടാങ്കർവഴി വിതരണം; ലൈസൻസ് നിർബന്ധം
text_fieldsകൊച്ചി: കിണർ വെള്ളം ടാങ്കർ ലോറിയിൽ വിതരണം ചെയ്യാൻ ലൈസൻസ് വേണമെന്ന് ഹൈകോടതി. കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർബന്ധമാണെന്നും പരിശോധന അനിവാര്യമാണെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി. കുടിവെള്ള വിതരണത്തിന് ലൈസൻസ് നിഷ്കർഷിക്കുന്ന നിയമത്തിൽ കിണർ വെള്ളത്തെക്കുറിച്ച് പരാമർശമില്ലാത്ത സാഹചര്യത്തിലാണ് വ്യക്തത വരുത്തിയത്. ഫുഡ് സേഫ്റ്റി അതോറിറ്റി നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് കുടിവെള്ള വിതരണക്കാരായ ചിലർ നൽകിയ ഹരജികൾ തള്ളിയാണ് ഉത്തരവ്.
നിശ്ചിത ഗുണനിലവാരമില്ലെന്ന് കാട്ടിയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി നോട്ടീസ് നൽകുന്നത്. കുടിവെള്ളവിതരണം നിയന്ത്രിക്കുന്ന 2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലും 2011ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലും കിണർ വെള്ളം പരാമർശിക്കാത്തതിനാൽ അത് പരിശോധിക്കേണ്ടതില്ലെന്നും ലൈസൻസ് ആവശ്യമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, നിയമത്തിൽ പരാമർശമില്ലാത്തതിന്റെ പേരിൽ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികളിൽ ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ നോട്ടീസ് ശരിവെച്ചു. ലൈസൻസും വെള്ളത്തിന് ഗുണനിലവാരവും ഉറപ്പുവരുത്താൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കരുതുന്നു. ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.